രാഹുലിനെതിരെ ആരോപണം ഉന്നയിച്ചവര്‍ക്കെതിരായ സൈബർ ആക്രമണം; നേതൃത്വം നല്‍കുന്നത് കെപിസിസി ഡിജിറ്റൽ മീഡിയ അംഗങ്ങൾ

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചവര്‍ക്ക് നേരെയുള്ള സൈബര്‍ ആക്രമണത്തിന് നേതൃത്വം നല്‍കുന്നത് കെപിസിസിയുടെ തന്നെ ഡിജിറ്റല്‍ മീഡിയ അംഗങ്ങള്‍. യുവതികളെ മോശമായി ചിത്രീകരിക്കാനാണ് ശ്രമം. യുവതികളെ പിന്തുണച്ച കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ക്കെതിരെയും വ്യാപക അധിക്ഷേപമാണ് അഴിച്ചുവിടുന്നത്. സൈബര്‍ ആക്രമണം പിടിവിട്ടത്തോടെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടണമെന്ന ആവശ്യവും ഒരു വിഭാഗം നേതാക്കള്‍ ഉന്നയിച്ചിട്ടുണ്ട്.

കെപിസിസി നിരീക്ഷണത്തിലുള്ള ഡിജിറ്റല്‍ മീഡിയ വിഭാഗമായ ഡിഎംസിയിലെ അംഗങ്ങളാണ് യുവതികള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ആക്രമണം നടത്തുന്നത്. മുന്‍ എംഎല്‍എ വി ടി ബല്‍റാം ആണ് ഡിജിറ്റല്‍ മീഡിയ വിഭാഗം ചെയര്‍മാന്‍. പാര്‍ട്ടി പുറത്താക്കിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി ന്യായീകരിക്കുന്ന വീഡിയോകളും പ്രചരിപ്പിക്കുന്നുണ്ട്.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ചവര്‍ പുറത്തുവിട്ട ശബ്ദ സന്ദേശങ്ങള്‍ പരിശോധിച്ച് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ദേശീയ നേതൃത്വത്തിന്റെ അനുമതിയോടെ സംസ്ഥാന നേതൃത്വം പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാഹുലിനെ സസ്‌പെന്‍ഡ് ചെയ്തത്. അങ്ങനെയൊരാള്‍ക്കാണ് ഇപ്പോഴും പാര്‍ട്ടിയുടെ ഔദ്യോഗിക സൈബര്‍ വിഭാഗത്തില്‍ നിന്ന് പിന്തുണയുള്ളതെന്നാണ് ഈ കമന്റുകളില്‍ നിന്നുള്ള സൂചന. രാഹുലിനെതിരെ പരസ്യപ്രതികരണം നടത്തിയ ഉമാ തോമസ് എംഎല്‍എ, ബിന്ദു കൃഷ്ണ, കെ സി വേണുഗോപാലിന്റെ ഭാര്യ എ ആശ, സ്‌നേഹ, താര ടോജോ ഉള്‍പ്പെടെയുള്ളവര്‍ കടുത്ത സൈബര്‍ ആക്രമണത്തിന് ഇരയായിരുന്നു.

Exit mobile version