കോഴിക്കോട് നടക്കാവില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി; ഹണിട്രാപ്പ് എന്ന് സംശയം; യുവതി പൊലീസ് കസ്റ്റഡിയിൽ

കോഴിക്കോട്: നടക്കാവില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി. സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയതായാണ് വിവരം. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്. ശബ്ദം കേട്ട് സമീപവാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിന് പിന്നില്‍ ഹണിട്രാപ്പെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

നടക്കാവ് സ്‌റ്റേഷന്‍ പരിധിയിലുള്ള യുവതി വിളിച്ചതിന് അനുസരിച്ചാണ് യുവാവ് തന്റെ സ്വിഫ്റ്റ് കാറില്‍ സ്ഥലത്തേയ്ക്ക് എത്തിയത്. ഇതിന് പിന്നാലെ ഇന്നോവ കാറില്‍ നാലംഗ സംഘം എത്തുകയും യുവാവിനെ തട്ടിക്കൊണ്ടുപോകുകയുമായിരുന്നു. ബഹളം കേട്ട് എത്തിയ സമീപവാസികള്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയും പൊലീസ് സ്ഥലത്തെത്തുകയും ചെയ്തു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് യുവാവിനെ തട്ടിക്കൊണ്ടുപോയതാണെന്ന് വ്യക്തമായത്. യുവതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കാറിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.

Exit mobile version