തൃശൂർ പൂരം കലക്കൽ വിവാദത്തിൽ എംആർ അജിത് കുമാറിനെ രക്ഷിക്കാൻ സർക്കാർ: അന്വേഷണ റിപ്പോർട്ട് തിരിച്ചയച്ചു

തൃശൂര്‍: തൃശൂര്‍ പൂരം കലക്കൽ വിവാദത്തില്‍ എംആര്‍ അജിത് കുമാറിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നീക്കം. എംആര്‍ അജിക് കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ടില്‍ അസാധാരണമായ നടപടി. റിപ്പോര്‍ട്ട് സര്‍ക്കാര്‍ തിരിച്ചയച്ചു. അജിത് കുമാറിന് വീഴ്ച്ചയുണ്ടായി എന്ന റിപ്പോര്‍ട്ടാണ് മടക്കിയത്. പി വിജയനെതിരെ വ്യാജ ആരോപണം ഉന്നയിച്ചെന്ന റിപ്പോര്‍ട്ടും തിരിച്ചയച്ചു.

എംആര്‍ അജിത് കുമാറിനെതിരെ ഡിജിപി അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സര്‍ക്കാര്‍ അവിശ്വാസം പ്രകടിപ്പിച്ചിരിക്കുന്നത്. ഷെയ്ക്ക് ദര്‍വേഷ് സാഹിബ് രണ്ട് റിപ്പോര്‍ട്ടുകളാണ് ആഭ്യന്തര വകുപ്പിന് നല്‍കിയത്. തൃശൂര്‍ പൂരം കലക്കലില്‍ എംആര്‍ അജിത് കുമാറിന്റെ ഭാഗത്തുനിന്ന് ഇടപെടലുണ്ടായില്ല, സ്ഥലത്തുണ്ടായിട്ടും, മന്ത്രി വിളിച്ചിട്ടും ഫോണെടുക്കുകയോ സ്ഥലതെത്തുകയോ ചെയ്തില്ല, കുറ്റകരമായ അനാസ്ഥ അജിത് കുമാറിന്റെ ഭാഗത്തുനിന്നും ഉണ്ടായി എന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. അജിത് കുമാറിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തായിരുന്നു റിപ്പോർട്ട്.

പി വിജയനെതിരെ എംആര്‍ അജിത് കുമാര്‍ നല്‍കിയ തെറ്റായ മൊഴിയെക്കുറിച്ചായിരുന്നു രണ്ടാമത്തെ റിപ്പോർട്ട്. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് സംഘവുമായി പി വിജയന് ബന്ധമുണ്ടെന്ന് അന്ന് മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസ് തനിക്ക് മൊഴി നല്‍കിയിട്ടുണ്ടെന്ന് അജിത് കുമാര്‍ പറഞ്ഞിരുന്നു. അതിനെതിരെ പി വിജയന്‍ ഡിജിപിക്ക് പരാതി നല്‍കുകയും സുജിത് ദാസ് താന്‍ അങ്ങനെ ഒരു മൊഴി താന്‍ നല്‍കിയിട്ടില്ലെന്നും എംആര്‍ അജിത് കുമാര്‍ പറഞ്ഞ വ്യാജ മൊഴിയാണെന്ന് പറയുകയും ചെയ്തിരുന്നു. ഈ രണ്ട് സംഭവത്തിലും അജിത് കുമാറിന്റെ ഭാഗത്തുനിന്നും ഗുരുതര വീഴ്ച്ചയുണ്ടായി, സര്‍ക്കാരിന് നടപടി സ്വീകരിക്കാം, എന്ത് നടപടിയെന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാം എന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

നിലവിലെ ഡിജിപിയായ റവാഡ ചന്ദ്രശേഖറിന് റിപ്പോര്‍ട്ട് സർക്കാർ തിരിച്ചുകൊടുത്തു. നിലവിലെ ഡിജിപി ഈ റിപ്പോർട്ടുകളിൽ നോട്ടെഴുതണമെന്നും ഷെയ്ക്ക് ദര്‍വേഷ് സാഹിബിന്റെ റിപ്പോര്‍ട്ട് അംഗീകരിച്ച് സര്‍ക്കാരിന്റെ നടപടിയെടുക്കണം അല്ലെങ്കിൽ റിപ്പോര്‍ട്ട് തെറ്റാണെന്ന് വ്യക്തമാക്കി അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കണം എന്നാണ് സര്‍ക്കാര്‍ ഡിജിപിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Exit mobile version