അജിത് കുമാറിനായി അസാധാരണ നടപടിയുമായി സർക്കാർ; രണ്ട് അന്വേഷണ റിപ്പോർട്ടുകൾ തിരിച്ചയച്ചു

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനായി അസാധാരണ നടപടിയുമായി സർക്കാർ. അജിത് കുമാറിനെതിരെ മുൻ ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബ് നൽകിയ രണ്ട് അന്വേഷണ റിപ്പോർട്ടുകള്‍ മടക്കി അയച്ചിരിക്കുകയാണ് സര്‍ക്കാര്‍. പൂരം റിപ്പോർട്ട്, പി.വിജയൻ നൽകിയ പരാതിയിൻ മേലുള്ള ശുപാർശ എന്നിവയാണ് തിരിച്ചയത്. രണ്ട് റിപ്പോർട്ടും അജിത് കുമാറിനെതിരായിരുന്നു. റാവഡ ചന്ദ്രശേഖറിനോട് പരിശോധിച്ച് പുതിയ അഭിപ്രായം രേഖപ്പെടുത്തണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരിക്കുകയാണ്. സീനിയറായ ഡിജിപി നൽകിയ റിപ്പോർട്ടിലാണ് വീണ്ടും അഭിപ്രായം തേടുന്നത്.

അതേ സമയം, അഴിമതിക്കേസില്‍ ക്ലീന്‍ ചിറ്റ് റിപ്പോർട്ട് തള്ളിയ വിജിലന്‍സ് കോടതിവിധിക്കെതിരെ എഡിജിപി എം.ആർ.അജിത് കുമാര്‍ ഇന്ന് ഹൈക്കോടതിയില്‍ അപ്പീൽ നല്‍കും. വസ്തുതകൾ ശരിയായി വിലയിരുത്താതെയുള്ള വിധി സ്റ്റേ ചെയ്യണം എന്നാണ് ക്രിമിനൽ അഭിഭാഷകൻ ബി. രാമൻ പിള്ള മുഖേന നല്‍കുന്ന ഹര്‍ജിയിലെ ആവശ്യം. ഉത്തരവിൽ മുഖ്യമന്ത്രിക്കെതിരെയുള്ള പരാമര്‍ശത്തില്‍ സര്‍ക്കാരും അപ്പീൽ നല്‍കുന്നുണ്ട്. കേസന്വേഷണത്തിൽ ഇടപെടാൻ മുഖ്യന്ത്രിക്ക് എന്ത് അധികാരമെന്ന ചോദ്യം വിജിലന്‍സ് മാന്വവലിനെതിരെന്നാണ് സര്‍ക്കാരിന്‍റെ വാദം. സ്വന്തം നിലയിൽ കേസ് അന്വേഷിക്കുന്നതിന്‍റെ ഭാഗമായി അടുത്തയാഴ്ച പരാതിക്കാരന്‍റെയും സാക്ഷികളുടെയും മൊഴി എടുക്കാനിരിക്കെയാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.

Exit mobile version