തിരുവനന്തപുരം: ലോക്ഡൗൺ കാലത്തെ അടിയന്തര യാത്രകൾക്കായി ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയ രണ്ടാം ദിവസമായ ഇന്നലെ പൊലീസിനു ഡിജിറ്റലായി ലഭിച്ച അപേക്ഷകളിൽ 70 ശതമാനവും അനാവശ്യമെന്ന് കണ്ടതിനെത്തുടർന്ന് തള്ളി. 62,876 അപേക്ഷകളാണ് ഇന്നലെ ലഭിച്ചത്. ഇതിൽ 44,618 എണ്ണവും അടിയന്തര ആവശ്യമല്ലെന്ന് കണ്ടതിനെത്തുടർന്നാണ് നിരസിച്ചത്.
10,707 അപേക്ഷകൾ മാത്രമാണ് അംഗീകരിച്ചത്. 7,553 അപേക്ഷകളിൽ തീരുമാനമെടുത്തിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ നിരത്തിൽ വാഹനങ്ങളുടെ എണ്ണം കൂടിയെന്നും പൊലീസ് കർശന നിലപാട് എടുക്കണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് പൊലീസ് നിലപാട് കടുപ്പിച്ചത്.
ആഴ്ചയിൽ പരമാവധി 3 തവണ മാത്രമേ ഒരാൾക്ക് സത്യവാങ്മൂലം ഉപയോഗിച്ച് യാത്ര നടത്താനാവൂ. ഐഡി കാർഡുകൾ ഇല്ലാതെ അടിയന്തര ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവർക്കും മറ്റു അവശ്യസർവീസുകൾക്കുമാണ് എമർജൻസി പാസ്. ബാക്കിയുള്ളവർ സത്യവാങ്മൂലമാണ് ഉപയോഗിക്കേണ്ടത്. അപേക്ഷിക്കുമ്പോൾ നൽകുന്ന വിവരങ്ങൾ തെറ്റാണെന്ന് തെളിഞ്ഞാൽ നടപടിയുണ്ടാകും.
ഓൺലൈൻ അപേക്ഷ ഏർപ്പെടുത്തിയ ആദ്യ ദിവസമായ തിങ്കളാഴ്ച പൊലീസിനു ഡിജിറ്റലായി ലഭിച്ചത് 82,630 അപേക്ഷകളായിരുന്നു. ഇതിൽ 34,256 എണ്ണം (41 ശതമാനം) അടിയന്തര ആവശ്യമല്ലെന്ന് കണ്ടതിനെത്തുടർന്ന് നിരസിച്ചു.
12,020 എണ്ണമാണ് അംഗീകരിച്ചത്. 36,354 അപേക്ഷകൾ തീരുമാനമെടുക്കാതെ മാറ്റിവയ്ക്കുകയായിരുന്നു. അതത് ജില്ലകളിലെ സ്പെഷൽ ബ്രാഞ്ചുകളാണ് അപേക്ഷ പരിഗണിക്കുന്നത്. ഓൺലൈൻ സൗകര്യം ഏർപ്പെടുത്തിയെങ്കിലും പേപ്പറിൽ സത്യവാങ്മൂലം നൽകുന്ന രീതിയും തുടരും.