വൈസ് ചാന്‍സലര്‍ നിയമനം; സെര്‍ച്ച് കമ്മിറ്റി ചെയര്‍മാനായി റിട്ട. ജഡ്ജി സുധാന്‍ഷു ധൂലിയയെ നിയമിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: കേരളത്തിലെ സര്‍വകലാശാലകളില്‍ വൈസ് ചാന്‍സര്‍ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരും ഗവര്‍ണരും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കാന്‍ നിര്‍ണായക ഇടപെടലുമായി സുപ്രീംകോടതി. സെര്‍ച്ച് കമ്മിറ്റി ചെയര്‍മാനായി റിട്ടയേര്‍ഡ് ജഡ്ജി സുധാന്‍ഷു ധൂലിയയെ സുപ്രീംകോടതി നിയമിച്ചു.

സര്‍ക്കാരും ഗവര്‍ണരും നല്‍കിയ പട്ടിക പരിഗണിച്ച് സെര്‍ച്ച് കമ്മിറ്റിയെ സമിതി ചെയര്‍മാന്‍ രൂപീകരിക്കും. സമിതിയില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തണമെന്നത് ചെയര്‍മാന്റെ വിവേചനാധികാരമായിരിക്കും. സ്ഥിരം വിസിയായി മൂന്ന് പേരുടെ പാനല്‍ ചെയര്‍മാന്‍ തീരുമാനിക്കണം. വിജ്ഞാപനം ഉള്‍പ്പെടെയുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുകയും വേണം.

സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള പട്ടിക സര്‍ക്കാരും ഗവര്‍ണരും ഇന്ന് സുപ്രീംകോടതിക്ക് കൈമാറിയിരുന്നു. ഐഐടി, എന്‍ഐടി ഡയറക്ടര്‍മാരുടെ ഉള്‍പ്പെടെ എട്ട് പേരുടെ പട്ടികയാണ് ഗവര്‍ണര്‍ സുപ്രീംകോടതിക്ക് കൈമാറിയത്. സംസ്ഥാന സര്‍ക്കാര്‍ പത്ത് പേര്‍ അടങ്ങുന്നവരുടെ പട്ടികയും കൈമാറിയിരുന്നു. ജഡ്ജിയെ സമിതി അധ്യക്ഷനാക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അല്ലാത്തപക്ഷം സെര്‍ച്ച് കമ്മിറ്റിയില്‍ തുല്യത പാലിക്കാനാവില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. താത്ക്കാലിക വി സി നിയമനം റദ്ദാക്കണമെന്ന ആവശ്യവും സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സെര്‍ച്ച് കമ്മിറ്റി അധ്യക്ഷനായി സുധാന്‍ഷു ധൂലിയയെ സുപ്രീംകോടതി നിയമിച്ചത്. കേസ് സുപ്രീംകോടതി പിന്നീട് പരിഗണിക്കും.

Exit mobile version