സന്തോഷ വാർത്ത ; കേരളത്തിൽ അഞ്ച് മാസത്തെ പെന്‍ഷന്‍കൂടി വിതരണം ചെയ്യാന്‍ ഉത്തരവിറങ്ങി;

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് മാസത്തെ പെന്‍ഷന്‍കൂടി വിതരണത്തിന് തയ്യാറായി. ഇത് സംബന്ധിച്ച് ധനവകുപ്പ് ഉത്തരവിറക്കി. ഡിസംബര്‍ മുതല്‍ ഏപ്രില്‍ മാസം വരെയുള്ള പെന്‍ഷനാണ് അനുവദിക്കുന്നത്.

ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ മുന്‍കൂറായിട്ടാണ് നല്‍കുക. പെന്‍ഷന്‍ വിതരണത്തിനായി 2730 കോടി രൂപയാണ് അനുവദിച്ചത്. പെന്‍ഷന്‍ വിതരണം ഏപ്രില്‍ ആദ്യവാരം തുടങ്ങും.

നിലവില്‍ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ പെന്‍ഷനാണ് സംസ്ഥാനത്ത് വിതരണം ചെയ്യുന്നത്. ഇതിനു പുറമെയാണ് ഡിസംബര്‍ മുതല്‍ ഏപ്രില്‍ മാസം വരെയുള്ള പെന്‍ഷന്‍ കൂടി വിതരണത്തിന് തയ്യാറായത്. ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ മുന്‍കൂറായി നല്‍കുന്നു എന്നത് പ്രത്യേകതയാണ്. ഏപ്രില്‍ മാസത്തെ പെന്‍ഷനാകട്ടെ 1300 രൂപയാണ്.

അഞ്ച് മാസത്തെ പെന്‍ഷന്‍ വിതരണത്തിന് വേണ്ടി 2730 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. ഇതിനു പുറമേ കുടിശിക തീര്‍ക്കാനായി 34 കോടി രൂപ പ്രത്യേകവും അനുവദിച്ചിട്ടുണ്ട്. 2019 ഡിസംബര്‍ 15 നുള്ളില്‍ മസ്റ്റര്‍ ചെയ്തവര്‍ക്കുമാത്രമേ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ പെന്‍ഷന്‍ അനുവദിച്ചിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ 2020 ഫെബ്രുവരി 15 വരെ മസ്റ്റര്‍ ചെയ്തവര്‍ക്കുകൂടി കുടിശികയടക്കം പണം അനുവദിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

ആകെ 2833 കോടി രൂപയാണ് പെന്‍ഷനായി അനുവദിച്ചത്. ഇതില്‍ 1350 കോടി രൂപ സഹകരണ ബാങ്കുകള്‍ വഴിയാണ് വിതരണം ചെയ്യുക. 1483 കോടി രൂപ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്കാണ് കൊടുക്കുക. ഈ പണം ഏപ്രില്‍ 9 ന് മാത്രമേ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്യു. എന്നാല്‍ സഹകരണ സംഘങ്ങള്‍ വഴിയുള്ള പെന്‍ഷന്‍ വിതരണം ഏപ്രില്‍ ആദ്യവാരം തന്നെ ആരംഭിക്കും.

കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, വയോജന പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍ എന്നിങ്ങനെ അഞ്ച് സ്‌കീമുകളിലായി 44 ലക്ഷം ഗുണഭോക്താക്കള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.

കഴിഞ്ഞ രണ്ടു മാസത്തെ പെന്‍ഷന്‍ തുകകൂടി ചേര്‍ത്താല്‍ മൊത്തം 4706 കോടി രൂപയാണ് 54 ലക്ഷം ആളുകള്‍ക്കായി വിതരണം ചെയ്യുന്നത്.ഇത് കോവിഡ് കാലത്ത് രാജ്യത്തെ ഏറ്റവും വലിയ ഇന്‍കം ട്രാന്‍സ്ഫര്‍ പദ്ധതി കൂടിയായി മാറുകയാണ്.

Exit mobile version