ജമ്മു കശ്മീരിലെ കിഷ്ത്വാറിലെ മിന്നല്‍ പ്രളയത്തിലും മേഘവിസ്‌ഫോടനത്തിലും മരണം 60ആയി

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാറിലെ മിന്നല്‍ പ്രളയത്തിലും മേഘവിസ്‌ഫോടനത്തിലും മരണം 60ആയി. മൂന്നാം ദിവസവും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 100ലധികം പേരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം രാത്രി കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്ങും ജമ്മു കശ്മീര്‍ ഡിജിപി നളിന്‍ പ്രഭാട്ടും ചേര്‍ന്ന് ദുരന്തഭൂമി സന്ദര്‍ശിച്ചിരുന്നു.

പൊലീസ്, കരസേന, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, ബിആര്‍ഒ, സിവില്‍ അഡ്മിനിസ്‌ട്രേഷന്‍ തുടങ്ങിയ സേനകളും പ്രദേശവാസികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. 40 ഓളം പേരുടെ മൃതദേഹം തിരിച്ചറിയുകയും നിയമനടപടികള്‍ക്ക് ശേഷം കുടുംബാംഗങ്ങള്‍ക്ക് കൈമാറുകയും ചെയ്തു.

ദുരന്തത്തില്‍ 75 പേരെ കാണാതായെന്നാണ് റിപ്പോര്‍ട്ട്. നൂറുകണക്കിനാളുകള്‍ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയിരിക്കാമെന്നും കെട്ടിടങ്ങളുടെയും മറ്റും അവശിഷ്ടങ്ങളുടെ അടിയിലുണ്ടാകുമെന്നും നാട്ടുകാര്‍ പ്രതികരിക്കുന്നു. രണ്ട് സിഐഎസ്എഫ്, എസ്പിഒ ഉദ്യോഗസ്ഥര്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയിലെ ചോസിതിയിലാണ് മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് മിന്നല്‍ പ്രളയമുണ്ടായത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കിഷ്ത്വാറിലെ മചൈല്‍ മാതാ തീര്‍ത്ഥാടന കേന്ദ്രത്തിലേയ്ക്കുള്ള പാത ആരംഭിക്കുന്നിടത്താണ് മേഘവിസ്ഫോടനവും പെട്ടെന്നുള്ള വെള്ളപ്പൊക്കവും ഉണ്ടായത്. മരിച്ചവരില്‍ ഏറെയും തീര്‍ത്ഥാടകരാണ് എന്നാണ് വിവരം. പ്രളയത്തെ തുടര്‍ന്ന് ക്ഷേത്രത്തിലേക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.

Exit mobile version