പത്തനംതിട്ട: അധ്യാപികയായ ഭാര്യയുടെ ശമ്പളം 14 വര്‍ഷമായി കിട്ടാത്തതിൽ മനംനൊന്ത് ഭർത്താവ് ഷിജോ ആത്മഹത്യ ചെയ്തതിൽ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണവുമായി സ്കൂൾ മാനേജർ. അധ്യാപികയുടെ ശമ്പളം അടക്കം ആനുകൂല്യങ്ങൾ നൽകുന്നതിന് രേഖകൾ നൽകിയതാണ്. അത് ഉദ്യോഗസ്ഥർ മുക്കിയെന്ന് നാറാണംമൂഴി സെന്‍റ് ജോസഫ്സ് സ്കൂൾ മാനേജർ ജോർജ് ജോസഫ് പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി ഇടപെട്ടിട്ടും ഡി ഇ ഓഫീസ് ജീവനക്കാർ അനങ്ങിയില്ലെന്നും സ്കൂള്‍ മാനേജർ കൂട്ടിച്ചേര്‍ത്തു.
ഹൈക്കോടതി വിധി ഉണ്ടായിട്ടും ശമ്പളം അടക്കം ആനുകൂല്യങ്ങൾ നൽകുന്നതിൽ വീഴ്ചവരുത്തിയ മൂന്ന് ഉദ്യോഗസ്ഥരെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തില്‍ ശക്തമായ നിയമ നടപടിക്കൊരുങ്ങുകയാണ് ഷിജോയുടെ കുടുംബം. ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ കൊണ്ട് തീരില്ല. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവാണ് ഡി.ഇ. ഓഫീസ് ഉദ്യോഗസ്ഥർ ലംഘിച്ചത്. വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്ന് കുടുംബം അറിയിച്ചു. ഉദ്യോഗസ്ഥ വീഴ്ച ബോധ്യപ്പെടുത്തുമെന്ന് ആത്മഹത്യ ചെയ്ത ഷിജോയുടെ പിതാവ് ത്യാഗരാജൻ പ്രതികരിച്ചു. എയ്ഡഡ് സ്കൂൾ അധ്യാപികയായ ഷിജോയുടെ ഭാര്യക്ക് 14 വർഷത്തെ ശമ്പളം അടക്കം ആനുകൂല്യങ്ങൾ നൽകാനായിരുന്നു ഹൈക്കോടതി ഉത്തരവ്.
വിദ്യാഭ്യാസ വകുപ്പിന്റെ ചുവപ്പുനാട കുരുക്ക് മകൻറെ ജീവനെടുത്തുവെന്നാണ് ത്യാഗരാജൻ പറയുന്നത്. നാറാണംമൂഴി സെൻറ് ജോസഫ് ഹൈസ്കൂളിൽ 2012 ലാണ് ഷിജോയുടെ ഭാര്യ ലേഖ രവീന്ദ്രൻ ജോലിയിൽ കയറുന്നത്. മുൻപ് ജോലി ചെയ്യുകയും പിന്നീട് രാജിവച്ചു പോകുകയും ചെയ്ത അധ്യാപികയും ഇതേ തസ്തികയ്ക്ക് അവകാശവാദം ഉന്നയിച്ചു. തർക്കം കോടതി കയറി ഒടുവിൽ ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് കിട്ടിയെന്ന് ഷിജോയുടെ കുടുംബം പറയുന്നു. ശമ്പളം നൽകണമെന്ന കോടതി ഉത്തരവും അനുബന്ധ രേഖകളും ജില്ലാ വിദ്യാഭ്യാസ വകുപ്പിൽ ഡിസംബർ നൽകിയതാണ്. എന്നാൽ പിന്നീട് ഒരു നടപടിയും ഉണ്ടായില്ല..
ഒരു മകനാണ് ഷിജോയ്ക്കുള്ളത്. ഈറോഡിൽ എഞ്ചിനീയറിങ്ങിnഉള്ള അഡ്മിഷൻ സമയമായിരുന്നു. ഭാര്യയുടെ ശമ്പള കുടിശ്ശിക കിട്ടുമ്പോൾ അതിന് വിനിയോഗിക്കാം എന്നായിരുന്നു കരുതിയത്. എന്നാൽ സാമ്പത്തിക പ്രതിസന്ധി തടസ്സമായി. മാത്രമല്ല കൃഷിവകുപ്പിന് കീഴിൽ വിഎഫ്പിസികെ യിലെ ഫീൽഡ് സ്റ്റാഫാണ് ഷിജോ. അവിടെയും ശമ്പളം കിട്ടാനുണ്ടെന്ന് കുടുംബം പറയുന്നു. എന്നാൽ ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ഷിജോയുടെ ഭാര്യക്ക് കഴിഞ്ഞ മാർച്ച് മുതൽ ശമ്പളം നൽകി തുടങ്ങിയെന്ന് ആണ് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ വിശദീകരണം. കുടിശ്ശിക നൽകാനുള്ള നടപടികളും പുരോഗമിക്കുകയായിരുന്നു എന്നും ഡിഡി വ്യക്തമാക്കി.
