തിരുവനന്തപുരം: സിനിമാ കോണ്‍ക്ലേവില്‍ അധിക്ഷേപ പരാമര്‍ശവുമായി സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണന്‍. സിനിമ നിര്‍മിക്കാന്‍ സ്ത്രീകള്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടിലായിരുന്നു വിവാദ പരാമര്‍ശം. സര്‍ക്കാരിന്റെ ഫണ്ടില്‍ സിനിമ നിര്‍മിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് മൂന്ന് മാസത്തെ ഇന്റന്‍സീവ് ട്രെയിനിംഗ് കൊടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
‘സര്‍ക്കാര്‍ പട്ടികജാതി പട്ടികവര്‍ഗത്തിന് നല്‍കുന്ന പണം ഒന്നരക്കോടിയാണ്. അഴിമതിക്കുള്ള വഴിയുണ്ടാക്കുകയാണെന്ന് ഞാന്‍ മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. ഉദ്ദേശ്യം വളരെ നല്ലതാണ്. എന്നാല്‍ ഈ തുക മൂന്ന് പേര്‍ക്കായി നല്‍കണം. മൂന്ന് മാസത്തെ പരിശീലനം നല്‍കണം. അവര്‍ക്ക് മൂന്ന് മാസം വിദഗ്ധരുടെ പരിശീലനം നല്‍കണം’, അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
പണം ലഭിച്ചവര്‍ക്ക് പരാതിയാണെന്നും അവരെ പറഞ്ഞ് മനസിലാക്കണമെന്നും അടൂര്‍ കുറ്റപ്പെടുത്തി. ജനങ്ങളില്‍ നിന്ന് കരം പിടിച്ച പണമാണെന്ന് പറഞ്ഞ് മനസിലാക്കണം. നിര്‍ബന്ധമായും പരിശീലനം വേണം. വാണിജ്യ സിനിമ എടുക്കാനുള്ള കാശല്ലയിത്. സ്ത്രീയായത് കൊണ്ട് മാത്രം പണം കൊടുക്കരുത്, അവര്‍ക്കും പരിശീലനം നല്‍കണം. എല്ലാ പ്രയാസങ്ങളും അറിഞ്ഞ് വേണം പണമെടുക്കാനെന്നും അദ്ദേഹം പറഞ്ഞു. വ്യക്തമായ പരിശീലനം ഇല്ലാതെ സിനിമ എടുത്താല്‍ ആ പണം നഷ്ടം ആകുമെന്ന് അടൂര്‍ പറഞ്ഞു.
ഇന്നലെയും ഇന്നുമാണ് തലസ്ഥാനത്ത് സിനിമാ കോണ്‍ക്ലേവ് നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തത്. നിയമസഭാ സമുച്ചയത്തിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചിലാണ് കോണ്‍ക്ലേവ് നടക്കുന്നത്. മോഹന്‍ലാലും സുഹാസിനിയും ഉദ്ഘാടനത്തിലെ മുഖ്യാതിഥികളായിരുന്നു.
സംസ്ഥാന സിനിമാ നയം രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് സിനിമാ കോണ്‍ക്ലേവ് നടക്കുന്നത്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഒമ്പത് വിഷയങ്ങളിലാണ് ചര്‍ച്ചകള്‍ നടക്കുക. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളിലൊന്നായിരുന്നു കോണ്‍ക്ലേവ്. കോണ്‍ക്ലേവില്‍ നിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങളുടെയും മറ്റും അടിസ്ഥാനത്തില്‍ ആറ് മാസത്തിനകം സിനിമാ നയം പ്രഖ്യാപിക്കുകയാണ് ലക്ഷ്യം.
