കന്യാസ്ത്രീകൾ ഡൽഹിയിൽ; ക്രെഡിറ്റ് യുദ്ധത്തിൽ ഇടപെടാനില്ലെന്ന് സഭാ നേതൃത്വം

ജാമ്യത്തിൽ പുറത്തിറങ്ങിയ മലയാളി കന്യാസ്ത്രീകളെ കനത്ത സുരക്ഷയിൽ ഡൽഹിയിലെ രാജറായി മഠത്തിൽ എത്തിച്ചു.കന്യാസ്ത്രീകൾക്കെതിരായ കേസ് റദ്ദാക്കുന്നതിൽ ഹൈക്കോടതിയെ സമീപിക്കുന്ന കാര്യത്തിൽ കത്തോലിക്ക സഭ വിശദമായ കൂടിയാലോചനകൾ നടത്തും. ഇക്കാര്യത്തിൽ നിയമവിദഗ്ധരുമായി കൂടിയാലോചിക്കും. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവരെ കണ്ട് ഇക്കാര്യം ആവശ്യപ്പെടാനും സഭാ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, കന്യാസ്ത്രീകൾക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പാർലമെന്റിൽ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.ബജ്റങ് ദൾ നേതാവ് ജ്യോതി ശർമ അടക്കമുള്ള നേതാക്കൾക്കെതിരെ കന്യാസ്ത്രീകൾക്കൊപ്പമുണ്ടായിരുന്ന പെൺകുട്ടികൾ ഓൺലൈനായി ദുർഗ പൊലീസ് സ്റ്റേഷനിൽ പരാതി നൽകും. ഇന്നലെ നാരായൺപൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി സ്വീകരിച്ചിരുന്നില്ല.

കന്യാസ്ത്രീകളായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി എന്നിവർക്ക് പുറമേ മൂന്നാം പ്രതി സുഖ്മാൻ മാണ്ഡവിക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. ഇവർക്ക് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്. മൂന്ന് പേരും 50,000 രൂപ വീതം ബോണ്ട് കെട്ടിവയ്ക്കുകയും പാസ്‌പോർട്ടുകൾ കോടതിയിൽ സമർപ്പിക്കുകയും വേണം. രാജ്യം വിടുന്നതിൽ നിന്നും എൻഐഎ കോടതി ഇവരെ വിലക്കിയിട്ടുണ്ട്.

കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയ പാർട്ടികളുടെ ക്രെഡിറ്റ് യുദ്ധത്തിൽ ഇടപെടാൻ സഭയില്ലെന്ന്് കത്തോലിക്ക സഭ റായ്പൂർ അതിരൂപത വക്താവ് ഫാ. സെബാസ്റ്റ്യൻ പൂമറ്റം പ്രതികരിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. രാഷ്ട്രീയ പാർടികൾ അവരുടെ ഭാവിക്ക് വേണ്ടിയാണിത് ചെയ്യുന്നത്. സഭ ഒരു രാഷ്ട്രീയ പാർട്ടിയുടെയും കാര്യത്തിൽ കൂട്ടൂനിൽക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ക്രിസ്ത്യൻ സഭാ നേതാക്കന്മാർ പ്രധാനമന്ത്രിയെ അടക്കം കാണുകയും ക്രിസ്തുമസിന് ക്ഷണിക്കുകയും ചെയ്യുമ്പോഴും ഉത്തരേന്ത്യയിൽ ക്രിസ്ത്യാനികളോടുള്ള ബിജെപിയുടെ മനോഭാവത്തിൽ മാറ്റമില്ലെന്ന് ഫാ.സെബാസ്റ്റ്യൻ പൂമറ്റം പറഞ്ഞു. രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഇപ്പോഴും ക്രിസ്ത്യാനികൾക്ക് നേരെയുള്ള ആക്രമം തുടരുന്നുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

Exit mobile version