റായ്പുർ: ഛത്തീസ്ഗഡിൽ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ഇന്ന് നിർണായക ദിനം. ഇരുവരും ഇന്ന് ഛത്തീസ്ഗഡ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകും. സഭാനേതൃത്വമാണ് ജാമ്യാപേക്ഷ നൽകുന്നത്. ഛത്തീസ്ഗഡ് സർക്കാർ ജാമ്യാപേക്ഷയെ എതിർക്കില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഉറപ്പ് പ്രതീക്ഷയോടെയാണ് കാണുന്നത്. ജാമ്യം ലഭിച്ചാൽ ഇന്നുതന്നെ കന്യാസ്ത്രീകൾക്ക് പുറത്തിറങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷ.
ബിലാസ്‌പൂരിലെ ഛത്തീസ്ഗഡ് ഹൈക്കോടതിയിലാണ് ജാമ്യാപേക്ഷ നൽകുക. കോടതി പ്രവർത്തനമാരംഭിക്കുമ്പോൾ തന്നെ ജാമ്യാപേക്ഷ നൽകും. മനുഷ്യക്കടത്ത് കേസ് ഉള്ളതിനാൽ എൻഐഎ കോടതിയെ സമീപിക്കാനായിരുന്നു ദുർഗ് സെഷൻസ് കോടതിയുടെ നിർദ്ദേശം. എൻഐഎ കോടതിയെ സമീപിക്കുന്നത് പ്രശ്നം സങ്കീർണമാക്കുമെന്ന് വിലയിരുത്തിയ ക്രൈസ്തവ പുരോഹിതർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിക്കുകയായിരുന്നു. മുൻ അഡിഷണൽ അഡ്വ. ജനറൽ അമൃതോ ദാസ് ആണ് കന്യാസ്ത്രീകൾക്കായി ഹൈക്കോടതിയിൽ ഹാജരാകുക. അഭിഭാഷകനുമായി റായ്പുർ അതിരൂപതാ നേതൃത്വം ചർച്ച നടത്തി.
ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സർക്കാർ എതിർക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഉറപ്പ് നൽകിയിരുന്നു. യുഡിഎഫ് എംപിമാരുമായുള്ള കൂടിക്കാഴ്ചയിലായിരുന്നു അമിത് ഷാ നിലപാട് അറിയിച്ചത്. കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, രാജ്‌മോഹൻ ഉണ്ണിത്താൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് തുടങ്ങിയ യുഡിഎഫ് എംപിമാരും ഇന്ന് ദുർഗിൽ എത്തും.
സിപിഐഎം നേതാക്കളായ പി കെ ശ്രീമതിയും സി എസ് സുജാതയും ജയിലിലെത്തി കന്യാസ്ത്രീകളെ കാണും. അനൂപ് ആന്റണിയും കോൺഗ്രസ് എംഎൽഎമാരായ റോജി എം ജോൺ, സജീവ് ജോസഫ് എന്നിവരും ദുർഗിൽ തുടരുകയാണ്. കന്യാസ്ത്രീകളുടെ ബന്ധുക്കളും ഛത്തീസ്ഗഡിൽ ഉണ്ട്.
അതേസമയം, ചത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റിനെതിരെ ഇന്ന് കോൺഗ്രസിൻറെ നേതൃത്വത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. വൈകുന്നേരം നാലുമണിക്ക് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തും. പ്രതിഷേധം വ്യാപിപ്പിക്കാൻ പോഷക സംഘടനകൾക്കും കെപിസിസി നിർദ്ദേശം നൽകിയിട്ടുണ്ട്. കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി ജോർജ് കുര്യൻ എന്നിവർക്കെതിരെയും പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് കോൺഗ്രസ് നീക്കം.
ജൂലൈ 26നാണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവക സിസ്റ്റര്‍ പ്രീതി മേരി എന്നിവരായിരുന്നു അറസ്റ്റിലായത്. ഇവര്‍ക്കൊപ്പം മൂന്ന് പെണ്‍കുട്ടികളുമുണ്ടായിരുന്നു. ഈ പെണ്‍കുട്ടികളെ കടത്തുകയാണെന്നും നിര്‍ബന്ധിത പരിവര്‍ത്തനത്തിനിരയാക്കുകയാണെന്നും ആരോപിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണ് രംഗത്തെത്തിയത്. കന്യാസ്ത്രീകളെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവെയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ നിര്‍ബന്ധിത മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിസ്റ്റര്‍ പ്രീതിയാണ് കേസിലെ ഒന്നാം പ്രതി. സിസ്റ്റര്‍ വന്ദന രണ്ടാം പ്രതിയാണ്.
