ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ മോചനത്തിനായി ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനം. നിലവിലുള്ള അഭിഭാഷകനെ മാറ്റി മുതിർന്ന അഭിഭാഷകരെ കേസ് ഏൽപ്പിക്കാനും സിബിസിഐയുടെ യോഗത്തിൽ ധാരണയായി.
മനുഷ്യ കടത്ത് വകുപ്പ് ചുമത്തിയതിനാൽ എൻഐഎയെ കോടതിയെ സമീപിക്കാൻ ആയിരുന്നു ജാമ്യാപേക്ഷ തള്ളിക്കൊണ്ട് സെഷൻസ് കോടതി നിർദേശിച്ചത്. എന്നാൽ നിയമനടപടികൾ സങ്കീർണമാകും എന്നതിനാൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് സന്യാസ സമൂഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു. ഡൽഹിയിൽനിന്നും അഭിഭാഷകൻ എത്തും, എങ്കിലും ഛത്തീസ്ഗഡിലെ മുതിർന്ന അഭിഭാഷകൻ വഴിയാകും ജാമ്യാപേക്ഷ സമർപ്പിക്കുക.
സിബിസിഐ സംഘം ദുർഗ് സെൻട്രൽ ജയിലിൽ എത്തി. സിബിസിഐയുടെ വിമൻ കൗൺസിൽ സെക്രട്ടറി ആശാ പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജയിലിൽ എത്തിയത്. കോൺഗ്രസ് നേതൃത്വതിന്റെ നിർദേശത്തെ തുടർന്ന് മുൻ മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ അടക്കമുള്ള സംസ്ഥാന നേതാക്കൾ ജയിലിൽ എത്തി. ജയിലിൽ കന്യാസ്ത്രീകൾക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കണമെന്ന് അധികൃതരോട് നേതാക്കൾ ആവശ്യപ്പെട്ടു.
കന്യാസ്ത്രീമാരുടെ കുടുംബാംഗങ്ങളും എംഎൽഎമാരായ റോജി എം.ജോൺ, സജീവ് ജോസഫ്, ബിജെപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണിയും ഛത്തീസ്ഗഡിൽ തുടരുകയാണ്.കന്യാസ്ത്രീകളുടെ സന്യാസ സമൂഹമായ അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്യുലേറ്റിന്റെ മദർ സുപ്പീരിയർ ഇസബെൽ ഫ്രാൻസിസ് ഛത്തീസ്ഗഡിലേക്ക് തിരിച്ചു.
അതേസമയം, കന്യാസ്ത്രീകളുടെ അറസ്റ്റിനെ വീണ്ടും ന്യായീകരിച്ച് ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണുദേവ് സായ് രംഗത്തെത്തി.പോലീസ് അവരുടെ ജോലിയാണ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി വിഷ്ണുദേവ് സായ് പറഞ്ഞു.
