തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ക്ക് ശമ്പളരഹിത അവധി അനുവദിക്കുന്നത് ശരിയല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ഒരു തൊഴിലാളിയുടെയും വേതനം ഈയവസരത്തില്‍ മുടങ്ങരുതെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ക്ക് ആഴ്ചയില്‍ മൂന്നു ദിവസം ജോലിയും പിന്നീടുള്ള നാലു ദിവസം ശമ്പളരഹിത അവധിയും അനുവദിക്കുന്ന പ്രവണത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതു ശരിയല്ല. ഇത്തരമൊരു സാഹചര്യത്തില്‍ തൊഴിലാളികളുടെ വേതനം കുറയ്ക്കാന്‍ പാടില്ല. അവര്‍ക്കു ശമ്പളം ലഭിക്കണം. ഈ പ്രശ്നം പരിഹരിക്കാന്‍ ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
കോവിഡ് ആശുപത്രികളിലെ ഡോക്ടര്‍മാരും മറ്റു ജീവനക്കാരും മഹത്തായ സേവനമാണ് നടത്തുന്നത്. അത്തരക്കാര്‍ക്ക് ആശുപത്രികള്‍ക്ക് അടുത്തു തന്നെയുള്ള ഹോട്ടലുകളില്‍ ആവശ്യമായ താമസസൗകര്യം ഒരുക്കും. വീട് എടുത്തിട്ടില്ലാത്തവര്‍ക്കാണ് ഈ സൗകര്യം ലഭിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.