ജയിൽ ചാടിയ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദചാമി പിടിയിൽ; പിടികൂടിയത് കണ്ണൂരിൽ നിന്ന്

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടിപ്പോയ ഗോവിന്ദചാമി പിടിയിൽ.കറുത്ത പാന്റും കറുത്ത ഷർട്ടും ധരിച്ചയാളെ കണ്ടെന്ന ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. ഡിസിസി ഓഫീസ് പ്രവർത്തിക്കുന്ന തളാപ്പ് ഭാഗത്തെ ഒരു വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

ഈ ഭാഗത്ത് ഇയാളെ പുലർച്ചെ കണ്ടയാൾ നൽകിയ വിവരങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്. തിരച്ചിലിനായി എത്തിച്ച പൊലീസ് നായയും ഇതേ ഭാഗത്തേക്കാണ് നീങ്ങിയത്. ഇയാളെ ടൗൺ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരും.

വെള്ളിയാഴ്ച പുലർച്ചെയോടെയാണ് ഗോവിന്ദചാമി ജയിൽചാടിയത്. ജയിൽ അധികൃതർ ഈ വിവരം അറിയുന്നത് രാവിലെ ഏഴ് മണിയോടെയാണ്. ഗോവിന്ദചാമിയ്ക്ക് വേണ്ടി സംസ്ഥാനത്തിനകത്തും പുറത്തും പോലീസ് വ്യാപക തിരച്ചിൽ നടത്തുന്നതിനിടയിലാണ് കണ്ണൂർ പട്ടണത്തിൽ നിന്നുതന്നെ ഇയാൾ പിടികൂടിയത്.

അതേസമയം, ജയിൽ ചാടാൻ ഗോവിന്ദചാമിയ്ക്ക് ജയിലിനുള്ളിൽ നിന്ന് സഹായം ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അതീവ സുരക്ഷാ സജ്ജീകരണങ്ങളുള്ള ജയിലിൽ തനിച്ച് പാർപ്പിച്ചിരുന്ന സെല്ലിലെ അഴികൾ മുറിച്ചാണ് ഇയാൾ പുറത്ത് കടന്നത്.

അലക്കാൻ വെച്ചിരുന്ന തുണികൾ കൂട്ടിക്കെട്ടി കയർ പോലെയാക്കി. പിന്നീട് ഏഴടിയ്ക്ക് മുകളിൽ നീളമുള്ള മതിലിന് മുകളിലുള്ള ഫെൻസിങിൽ തുണികുരുകി. അതേ തുണി ഉപയോഗിച്ച് ഇയാൾ മതിലിൽ നിന്ന് താഴേക്കിറങ്ങുകയും ചെയ്തു. ഇതിന്റെയെല്ലാം ദൃശ്യങ്ങൾ ജയിലിലെ സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഇത്രയധികം സുരക്ഷാസംവിധാനങ്ങൾ മറികടന്ന് ഗോവിന്ദചാമിയ്ക്ക് ജയിൽ ചാടാനായതിന് മറ്റാരുടെയോ സഹായം ലഭിച്ചെന്നാണ് പോലീസിന്റെ നിഗമനം.

2011 ഫെബ്രുവരി ഒന്നിന് എറണാകുളത്തു നിന്നും ഷൊർണൂരേക്ക് പോയ ട്രെയിനിലെ വനിതാ കമ്പാർട്ട്മെന്റിൽ വെച്ചാണ് സൗമ്യ ആക്രമിക്കപ്പെട്ടത്. തമിഴ്‌നാട് സ്വദേശിയായ ഗോവിന്ദസ്വാമി സൗമ്യയെ ട്രെയിനിൽ നിന്നും പുറത്തേക്ക് തള്ളിയിട്ട് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസ് കണ്ടെത്തൽ.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് തൃശൂർ മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചു. ഈ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടെങ്കിലും പിന്നീട് ഗോവിന്ദച്ചാമിയുടെ ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.ഗോവിന്ദചാമിയ്ക്ക് ഒരു കൈ മാത്രമേയുള്ളൂ. ഓടുന്ന ട്രെയിനിൽ വേഗത്തിൽ ചാടികയറാനും ഇറങ്ങാനും കഴിയുന്നയാളാണ് ഇയാൾ.

Exit mobile version