കമ്മ്യൂണിസ്റ്റായ അച്ഛന്റെ രാഷ്ട്രീയത്തെ അടിച്ചമർത്താൻ എതിരാളികൾ കൊന്നു; നീതികിട്ടാത്ത ധർമ്മസ്ഥലയിലെ അറിയാകഥകൾ

ബെംഗളൂരു: ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിലൂടെ ധര്‍മ്മസ്ഥലയിലെ ക്രൂരതകള്‍ പുറംലോകമറിഞ്ഞപ്പോള്‍ നോവൊഴിയാത്ത ഒരു വീടുണ്ട് ക്ഷേത്രനഗരിക്ക് സമീപം. മലയാളി ബന്ധമുള്ള പത്മലതയുടെ വീട്. ഭീഷണിക്ക് വഴങ്ങാത്ത അച്ഛന്റെ രാഷ്ട്രീയത്തെ അടിച്ചമര്‍ത്തുന്നതിനായി എതിരാളികള്‍ കൊലപ്പെടുത്തിയ പെണ്‍കുട്ടിയാണ് പത്മലത. 1986ലാണ് ക്രൂരത അരങ്ങേറിയത്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു പത്മലതയുടെ പിതാവ്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പത്മലതയുടെ പിതാവ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു നേതാവ് ധര്‍മ്മസ്ഥലയില്‍ മത്സരിക്കുക എന്നതില്‍ വലിയ എതിര്‍പ്പുണ്ടായി. നിമനിര്‍ദേശ പത്രിക പിന്‍വലിക്കുക അല്ലെങ്കില്‍ പ്രത്യാഘാതം അനുഭവിക്കേണ്ടിവരും എന്നായിരുന്നു ഭീഷണി. പറഞ്ഞതുപോലെ ആ കുടുംബം പ്രത്യാഘാതം നേരിട്ടു. പഠനം കഴിഞ്ഞ് മടങ്ങിവരികയായിരുന്ന പത്മലതയെ ഒരു സംഘം തട്ടിക്കൊണ്ടുപോയി.

മകളെ കാണാതായതിന് പിന്നാലെ പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയ പത്മലതയുടെ പിതാവിനോട് മുഖം തിരിച്ച സമീപനമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്. പാര്‍ട്ടി ഇടപെട്ട് കേസെടുപ്പിച്ചു. ഇതിനിടെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കണമെന്നും അതിന് വഴങ്ങിയാല്‍ മകളെ വിട്ട് നല്‍കാമെന്നും ചിലര്‍ പത്മലതയുടെ പിതാവിനോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം നാമനിര്‍ദേശ പത്രിക പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ പത്മലതയെ വിട്ടുനല്‍കാന്‍ അവര്‍ തയ്യാറായില്ല.

56 ദിവസങ്ങള്‍ക്ക് ശേഷം പത്മലയുടെ ശരീരഭാഗം നേത്രാവതി നദിയിലൂടെ ഒഴുകിയെത്തി. അസ്ഥികൂടം മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നാണ് പത്മലതയുടെ സഹോദരി പറയുന്നത്. കൈയും കാലും കെട്ടിയ നിലയിലായിരുന്നു. വസ്ത്രങ്ങളും കൈയിലുണ്ടായിരുന്ന ഒരു വാച്ചും കണ്ടാണ് അത് പത്മലതയാണെന്ന് തിരിച്ചറിഞ്ഞതെന്നും സഹോദരി പറഞ്ഞു. പത്മലതയുടെ മരണത്തില്‍ പിന്നീട് കാര്യമായ അന്വേഷണം നടന്നില്ല. ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ നീതിലഭിക്കുമെന്ന പ്രതീക്ഷയിലാണ് പത്മലതയുടെ കുടുംബം.

Exit mobile version