അരി വിതരണം ഏപ്രിൽ 1 മുതൽ 20 വരെ; ധാന്യ വിതരണം 20നു ശേഷം; മന്ത്രി

തിരുവനന്തപുരം:  സംസ്ഥാനത്ത് 87 ലക്ഷം റേഷൻ കാർഡ് ഉടമകൾക്കുള്ള സൗജന്യ അരി വിതരണം ഏപ്രിൽ 1ന് ആരംഭിച്ച് 20ന് അവസാനിപ്പിക്കുമെന്നു മന്ത്രി പി.തിലോത്തമൻ. 20നു ശേഷമാകും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സൗജന്യധാന്യ വിതരണം നടത്തുക. രാവിലെ മുതൽ ഉച്ച വരെ മുൻഗണന വിഭാഗങ്ങൾക്കും (മഞ്ഞ, പിങ്ക് കാർഡ്) ഉച്ച കഴിഞ്ഞ് മുൻഗണന ഇതര വിഭാഗങ്ങൾക്കും (നീല, വെള്ള കാർഡ്) എന്ന രീതിയിലാകും സംസ്ഥാനത്തെ 14,250 റേഷൻകടകൾ വഴി വിതരണം ക്രമീകരിക്കുക.

റേഷൻ കടകളിൽ തിക്കും തിരക്കും ഒഴിവാക്കാൻ ഒരു സമയം 5 പേരെ മാത്രമാകും സാമൂഹിക അകലം പാലിച്ചു സാധനങ്ങൾ വാങ്ങാൻ അനുവദിക്കുക. ഇക്കാര്യങ്ങൾ നിയന്ത്രിക്കാൻ ജനപ്രതിനിധികളുടെയും വൊളന്റിയർമാരുടെയും സഹായം തേടും. റേഷൻ കാർഡ് ഇല്ലാത്തവർക്കുള്ള സൗജന്യ അരി വിതരണത്തിനായി കുടുംബത്തിലെ മുതിർന്ന അംഗത്തിന്റെ ആധാർ കാർഡ് ഹാജരാക്കുകയും ഫോൺ നമ്പർ നൽകുകയും വേണമെന്നും മന്ത്രി തിലോത്തമൻ അറിയിച്ചു.

87 ലക്ഷം കുടുംബങ്ങൾക്കുള്ള ഭക്ഷ്യകിറ്റിന്റെ വിതരണത്തിനായി സാധനങ്ങൾ സംഭരിക്കുന്ന ജോലി ആരംഭിച്ചതായും മന്ത്രി അറിയിച്ചു. കിറ്റിൽ ആവശ്യമായ പയർവർഗങ്ങൾ, പഞ്ചസാര എന്നിവ ലഭിക്കാനാണു പ്രയാസം നേരിടുന്നത്. കിറ്റിനായി ഓർഡർ നൽകിയ സാധനങ്ങൾ ലഭ്യമാക്കാമെന്നു നാഫെഡ് അറിയിച്ചിട്ടുണ്ട്. കിറ്റ് ആവശ്യമില്ലാത്തവർ ഇക്കാര്യം അറിയിക്കണം.

കോവിഡ് ബാധിച്ചവരുടെ കുടുംബങ്ങൾക്കും ട്രാൻസ്ജെൻഡർമാർക്കും കിറ്റ് നൽകും. കിറ്റിൽ ഏതെങ്കിലും സാധനം വയ്ക്കാതെ പോയതിന്റെ പേരിലോ മാറിപ്പോയതിന്റെ പേരിലോ പരാതി പറയരുതെന്നും ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യമാണ് സപ്ലൈകോയും സിവിൽ സപ്ലൈസ് വകുപ്പും ചേർന്ന് ഏറ്റെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഈ മാസത്തേക്ക് ആവശ്യമായ അരി സംഭരിച്ചതായും 3 മാസത്തേക്കുള്ള അരി സംഭരിക്കുമെന്നും മന്ത്രി അറിയിച്ചു.

Exit mobile version