കണ്ണൂർ: കണ്ണൂരിൽ ലോക്ക് ഡൌൺ ലംഘിച്ചവരെ ഏത്തമിടീച്ച ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയുടെ നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിക്ഷേധം. ലോക് ഡൗൺ കാലത്ത് കൂട്ടം കൂടം നിന്നവരെ പരസ്യമായി ഏത്തമിടീപ്പിക്കുകയാണ് യതീഷ് ചന്ദ്ര ചെയ്തത്. വളപട്ടണം സ്റ്റേഷൻ പരിധിയിലെ അഴീക്കലിൽ ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.
പട്രോളിങ്ങിനിടെയാണ് കടയ്ക്കു മുന്നിൽ ആളുകൾ കൂട്ടംകൂടിയത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഏത്തമിടീൽ വിവാദം ആരംഭിക്കുന്നത്. യതീഷ് ചന്ദ്രയുടെ നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത് വന്നു.
കണ്ണൂരിൽ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര നേരിട്ട് ചിലരെ ഏത്തമിടീക്കുന്ന ദൃശ്യം പുറത്തുവന്നിരുന്നു. ആഭ്യന്തര സെക്രട്ടറി ഡിജിപിയുമായി ബന്ധപ്പെട്ട് ആവശ്യമായ റിപ്പോർട്ട് നൽകാൻ നിർദേശിച്ചിട്ടുണ്ട്. ഇത്തരം സംഭങ്ങൾ ആവർത്തിക്കരുത്. മികച്ച പ്രവർത്തനം നടത്തുന്ന പൊലീസിന്റെ യശസ്സിനെ ഇതു ബാധിക്കും. പ്രാഥമിക സൗകര്യം പോലുമില്ലാതെ ജോലി ചെയ്യുന്നവരാണ് പൊലീസുകാർ. അതിനു നാട്ടിൽ സ്വീകാര്യതയുണ്ട്. അതിനെല്ലാം മങ്ങലേൽപ്പിക്കുന്ന നടപടി ഉണ്ടാകരുതെന്നാണ് സർക്കാർ നിലപാട്’ – മുഖ്യമന്ത്രി വിശദീകരിച്ചു.
നേരത്തെ, നിയമപരമായ നടപടികളെ പാടുള്ളൂവെന്നും ഏത്തമിടീച്ച സാഹചര്യം വ്യക്തമാക്കണമെന്നും യതീഷ് ചന്ദ്രയോട് ഡിജിപി ആവശ്യപ്പെട്ടിരുന്നു. ലോക്ഡൗൺ നിർദേശങ്ങൾ ലംഘിച്ച് കണ്ണൂർ അഴീക്കലിൽ കടയിൽ കൂട്ടമായിരുന്നവരെയാണ് എസ്പി ഏത്തമിടീച്ചത്. ‘സർക്കാർ പറഞ്ഞു, പ്രധാനമന്ത്രി പറഞ്ഞു, മുഖ്യമന്ത്രി പറഞ്ഞു; എന്നിട്ടും നിങ്ങളെന്തിനാണ് കൂട്ടം കൂടുന്നത്’ എന്ന് ചോദിച്ചായിരുന്നു ഇവരോട് ഏത്തമിടാൻ എസ്പി ആവശ്യപ്പെട്ടത്. പറഞ്ഞത് അതുപോലെ മടികൂടാതെ അവർ അനുസരിക്കുകയും ചെയ്തു. ‘ഞാൻ ഇനി നിർദേശങ്ങൾ ലംഘിക്കില്ല, ആരോഗ്യവകുപ്പ് പറയുന്നത് കേട്ട് വീട്ടിലിരുന്നോളാം’ എന്നും ഇവരെക്കൊണ്ട് എഴുതി വാങ്ങിച്ചതിന് ശേഷമാണ് പൊലീസ് വിട്ടയച്ചത്.
ഇതൊരു വലിയ ശിക്ഷയായിട്ട് കാണരുതെന്നും ജനം അനുസരിക്കാൻ വേണ്ടി ഒരു ബോധവൽക്കരണം നടത്തിയതാണെന്നുമാണ് എസ്പിയുടെ നിലപാട്. കേസുകളുടെ എണ്ണം കൂടിയിട്ടും ജനം പുറത്തിറങ്ങുകയാണ്. സമൂഹവ്യാപനത്തിലേക്ക് രോഗം എത്തിയാൽ പിടിച്ചാൽ കിട്ടില്ല. അതുകാെണ്ട് ഇത്തരം സ്കൂൾ ശിക്ഷകളും നൽകേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.