ന്യൂഡൽഹി: ട്രെയിനുകളിലെ സുരക്ഷ വർധിപ്പിക്കാന്‍ നടപടിയുമായി ഇന്ത്യന്‍ റെയില്‍വേ. കോച്ചുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് തുടങ്ങി. ഓരോ കോച്ചിലും നാല് ക്യാമറകള്‍ വീതമാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിന് പുറമെ ലോക്കോമോട്ടീവില്‍ ആറ് ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിലുള്ള ക്യാമറ സ്ഥാപിക്കല്‍ വിജയകരമാണെന്ന് റെയില്‍വേ അറിയിച്ചു.
ട്രെയിന്‍ നൂറ് കിലോമീറ്ററിലധികം വേഗത്തിലായിരിക്കുമ്പോഴും വെളിച്ചം കുറവുള്ളപ്പോഴും തെളിഞ്ഞ ദൃശ്യങ്ങള്‍ ലഭിക്കും വിധം മികച്ച ഗുണനിലവാരമുള്ള ക്യാമറകളാണ് സജ്ജമാക്കിയിരിക്കുന്നത്. സാമൂഹ്യവിരുദ്ധരില്‍ നിന്നും മറ്റും യാത്രക്കാര്‍ക്ക് സുരക്ഷ ഒരുക്കാന്‍ ഇത് ഏറെ സഹായകമാകും. യാത്രക്കാരുടെ സ്വകാര്യത മാനിച്ച് വാതിലിന് സമീപമാണ് ക്യാമറകള്‍ സ്ഥാപിക്കുക.
ആദ്യഘട്ടത്തിൽ 74,000 കോച്ചുകളിൽ
പ്രാഥമിക ഘട്ടത്തില്‍ 74,000 കോച്ചുകളിലാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. 15,000 ലോക്കോമോട്ടീവുകളിലും ക്യാമറ സ്ഥാപിക്കും. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവും കേന്ദ്ര റെയില്‍വേ സഹമന്ത്രി രവനീത് സിങ് ബിട്ടുവും കഴിഞ്ഞ ദിവസം സി.സി.ടി.വി ക്യാമറ സ്ഥാപിക്കല്‍ പുരോഗതി വിലയിരുത്തി. റെയില്‍വേ ബോര്‍ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. ക്യാമറ സ്ഥാപിക്കല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയെന്നും ഉത്തര മേഖലാ റെയില്‍വേ അധികൃതര്‍ അറിയിച്ചു.
അത്യാധുനിക സംവിധാനങ്ങളുള്ള ക്യാമറകളാണ് സജ്ജമാക്കുകയെന്ന് റെയില്‍വേ അറിയിച്ചു. എസ്‌ടിക്യുസി സര്‍ട്ടിഫൈഡ് ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. സിസിടിവി ക്യാമറകള്‍ റെക്കോര്‍ഡ് ചെയ്യുന്ന ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ഇന്ത്യയുടെ എഐ ദൗത്യവുമായി സഹകരിച്ച് നിര്‍മ്മിത ബുദ്ധി പ്രയോജനപ്പെടുത്തണമെന്ന് ഉദ്യോഗസ്ഥരോട് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ് നിര്‍ദ്ദേശിച്ചു.
ശബ്ദവും റെക്കോർഡ് ചെയ്യും
യാത്രക്കാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. യാത്രക്കാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനൊപ്പം കുഴപ്പക്കാരെ തിരിച്ചറിയാനും ഇതിലൂടെ സാധിക്കുന്നു. സുരക്ഷിത യാത്ര ഒരുക്കുകയും യാത്രിസൗഹൃദ അനുഭവങ്ങള്‍ പ്രദാനം ചെയ്യുകയുമാണ് ഇന്ത്യന്‍ റെയില്‍വേയുടെ ആധുനീകരണ പ്രക്രിയയിലൂടെ ലക്ഷ്യമിടുന്നത്.
നാല് വാതിലുകളിലായാകും ക്യാമറകള്‍ സജ്ജമാക്കുക. ശബ്‌ദവും റെക്കോര്‍ഡ് ചെയ്യാനായി മൈക്കുകളും ഇതിലുള്‍പ്പെടുത്തും. ലോക്കോ മോട്ടീവുകളില്‍ മുന്നിലും പിന്നിലും വശങ്ങളിലുമായാണ് ക്യാമറകള്‍ സ്ഥാപിക്കുക. ട്രെയിന്‍ അപകടങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. സുരക്ഷിത യാത്രക്കൊപ്പം അപകട കാരണങ്ങള്‍ കണ്ടെത്താനും സിസിടിവി ദൃശ്യങ്ങള്‍ പ്രയോജനകരമാകും.യാത്രക്കാരുടെ സ്വകാര്യ ഉറപ്പ് വരുത്തി സാമൂഹ്യ വിരുദ്ധരെ കണ്ടെത്താനും ഇതിലൂടെ സാധിക്കുമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ.
