അഭിനയ സരസ്വതി ഇനി ഓർമ; നടി സരോജാദേവി അന്തരിച്ചു

Sarojadevi passes away

മുതിർന്ന നടി ബി സരോജാദേവി അന്തരിച്ചു.  87 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു മരണം. ബെംഗളൂരുവിലെ മല്ലേശ്വരത്തെ വസതിയിൽ ആയിരുന്നു നടിയുടെ അന്ത്യം.

അഭിനയ സരസ്വതി എന്നറിയപ്പെടുന്ന ബി സരോജാ ദേവി 1955-ൽ മഹാകവി കാളിദാസ എന്ന കന്നഡ ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. ഏഴ് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി സിനിമകളിലായി 200-ലധികം സിനിമകളിൽ അവർ അഭിനയിച്ചു.

കിട്ടൂർ ചെന്നമ്മ, ബബ്രുവാഹന, അന്ന തങ്കി, ഭക്ത കനകദാസ, ബാലെ ബംഗാര, നാഗകന്നികെ, ബേട്ടട ഹൂവ്, കസ്തൂരി നിവാസ, നാടോടി മന്നൻ, കർപ്പൂര കരസി, പാണ്ഡുരംഗ മഹത്യം, തിരുമാനം എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ. കന്നഡ ചിത്രമായ നടസാർവഭൗമയിലാണ് സരോജാ ദേവി  അവസാനമായി അഭിനയിച്ചത്.

1969-ൽ പത്മശ്രീയും 1992-ൽ പത്മഭൂഷണും നൽകി രാജ്യം സരോജ ദേവിയെ ആദരിച്ചു.

ബി സരോജ ദേവിയുടെ വിയോഗത്തിൽ സെലിബ്രിറ്റികളും രാഷ്ട്രീയക്കാരും ആരാധകരുമെല്ലാം സോഷ്യൽ മീഡിയയിൽ അനുശോചനം രേഖപ്പെടുത്തുകയാണ്.

“സുവർണ്ണ സിനിമയുടെ ഒരു കാലഘട്ടം അവസാനിച്ചു. സരോജദേവി അമ്മ എക്കാലത്തെയും മികച്ച നടിയായിരുന്നു. ദക്ഷിണേന്ത്യയിലെ മറ്റൊരു വനിതാ നടിയും അവരെപ്പോലെ പേരും പ്രശസ്തിയും ആസ്വദിച്ചിട്ടില്ല. അത്രയും സ്നേഹനിധിയായ ഒരു ആത്മാവായിരുന്നു അവർ. അവരുമായി ഒരു മികച്ച ബന്ധം ഉണ്ടായിരുന്നു. അവരെ കാണാതെ ബെംഗളൂരുവിലേക്കുള്ള എന്റെ യാത്ര അപൂർണ്ണമായിരുന്നു. ചെന്നൈയിൽ എവിടെവന്നാലും അവർ വിളിക്കുമായിരുന്നു. അവരെ വളരെയധികം മിസ്സ് ചെയ്യും.സമാധാനത്തോടെ വിശ്രമിക്കൂ അമ്മേ. ഓം ശാന്തി,” എന്നാണ് നടി ഖുശ്ബു കുറിച്ചത്.

“മുതിർന്ന കന്നഡ നടി ബി. സരോജ ദേവിയുടെ വിയോഗവാർത്ത വളരെ ദുഃഖകരമാണ്. അഭിനയ സരസ്വതി (അഭിനയ ദേവത) എന്നറിയപ്പെടുന്ന അവർ കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലായി ഏകദേശം 200 സിനിമകളിൽ അഭിനയിച്ചു. സരോജ ദേവിയെക്കുറിച്ചുള്ള പരാമർശം തന്നെ കിത്തൂർ ചെന്നമ്മ, ബബ്രുവാഹന, അന്ന തങ്കി തുടങ്ങിയ ചിത്രങ്ങളിലെ അവരുടെ മനോഹരമായ പ്രകടനങ്ങളെ ഓർമ്മിപ്പിക്കുന്നു. പരിഷ്കൃതമായ അഭിരുചിയുള്ള സിനിമകളിലൂടെ, പതിറ്റാണ്ടുകളായി അവർ സിനിമാപ്രേമികളെ രസിപ്പിച്ചു. അവരുടെ വിയോഗം ഇന്ത്യൻ സിനിമയ്ക്ക് വലിയൊരു നഷ്ടമാണ്. അവരുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ദുഃഖിതരായ അവരുടെ കുടുംബത്തിനും ആരാധകർക്കും എന്റെ ഹൃദയംഗമമായ അനുശോചനം,” കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ  എക്സിൽ കുറിച്ചു.

Exit mobile version