കൊച്ചി: സംസ്ഥാനത്ത് ആദ്യകോവിഡ് മരണം. എറണാകുളം കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശി സേട്ട് യാക്കൂബ് ഹുസൈൻ (69) ആണ് മരിച്ചത്. ഐസലേഷൻ വാർഡിൽ വെന്റിലേറ്റർ ചികിത്സയിലായിരുന്നു. മൃതദേഹം മട്ടാഞ്ചേരി ലോബോ ജങ്ഷനു സമീപം കച്ചി ഹനഫി മസ്ജിദിൽ സംസ്കരിക്കും.
ദുബായിൽ നിന്ന് മാർച്ച് 16ന് നെടുമ്പാശേരിയിൽ എത്തിയ ഇദ്ദേഹത്തെ കടുത്ത ന്യുമോണിയെ തുടർന്ന് കളമശേരി മെഡിക്കൽ കോളജിലേക്ക് അയച്ചു. തുടർന്ന് വീട്ടിൽ ഐസലേഷനിൽ കഴിയവെ രോഗം സ്ഥിരീകരിച്ചു. 22ന് വീണ്ടും കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കടുത്ത ഹൃദ്രോഗത്തിനും രക്തസമ്മർദത്തിനും ചികിത്സയിലായിരുന്ന ഇദ്ദേഹം ബൈപ്പാസ് ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു. ഇന്ന് രാവിലെ എട്ടോടെയാണ് മരിച്ചതെന്ന് എറണാകുളം മെഡിക്കൽ കോളജ് നോഡൽ ഓഫിസർ എ. ഫത്താഹുദ്ദീൻ അറിയിച്ചു. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകി. സുരക്ഷാ ക്രമീകരണങ്ങളോടെ സംസ്കരിക്കും.
ഇയാളുടെ ഭാര്യയും ഡ്രൈവറും രോഗബാധിതരായി ചികിത്സയിൽ തുടരുകയാണ്. ഇന്നു രാവിലെ എട്ടുമണിയോടെയായിരുന്നു മരണം. ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോകോൾ പ്രകാരമാകും മറവ് ചെയ്യുക.
ഇദ്ദേഹം സഞ്ചരിച്ച വിമാനത്തിലെ 49 യാത്രക്കാർ നിരീക്ഷണത്തിലാണ്. കൂടുതൽ ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെടാത്തതിനാൽ റൂട്ട് മാപ്പ് തയാറാക്കിയിരുന്നില്ല. ഇതും ആശങ്കയാണ്. നിലവിൽ കോവിഡ് രോഗം ബാധിച്ച് കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത് 14 പേരാണ്. ഇതോടെ പ്രായമായവരുടെ കാര്യത്തിൽ കൂടുതൽ ജാഗ്രതകൾ കേരളം എടുക്കും. എങ്ങനേയും സമൂഹ വ്യാപനം തടയാനും ശ്രമിക്കും. ഇതിനാകും സർക്കാർ മുൻഗണന നൽകുക.
ലോകത്ത് ഇതുവരെ 27,370 പേരാണ് കൊറോണ വൈറസ് ബാധിച്ചതിനെ തുടർന്ന് മരണമടഞ്ഞത്. ഇറ്റലിയിലെ മരണസംഖ്യ 9,134 ആയി. സ്പെയിനിലാകട്ടെ 5,138 പേരാണ് ഇതുവരെ മരിച്ചത്. ലോകത്ത് ഏറ്റവും കൂടുതൽ പേർക്ക് കൊറോണ സ്ഥിരീകരിച്ച അമേരിക്കയിൽ ഇതുവരെ 1,704 പേരാണ് മരണമടഞ്ഞത്. ഇന്ന് ഇതുവരെ 130 പുതിയ കൊറോണ കേസുകളും എട്ട് മരണവും അമേരിക്കയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.