കോട്ടയംകാർക്ക് അന്നം മുടക്കാതെ സ്നേഹക്കൂട് അഭയമന്ദിരവും; ജില്ലയിൽ വിശക്കുന്നവർക്ക് ചോറും മോരുംവെള്ളവും വിതരണം ചെയ്തു.

കോട്ടയം: കളത്തിപ്പടിയിൽ പ്രവർത്തിക്കുന്ന സ്നേഹക്കൂട് അഭയമന്ദിരത്തിന്റെ നേതൃത്വത്തിൽ കോട്ടയം ജില്ലയിലുടനീളം വിശക്കുന്നവർക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. കഞ്ഞിക്കുഴി, കോട്ടയം നാഗമ്പടം, ബേക്കർ ജങ്ഷൻ തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ ഉച്ചയൂണ് പൊതികളാക്കി വിതരണം ചെയ്തു.

വേനൽച്ചൂടിൽ തങ്ങളുടെ കർത്തവ്യം നിർവഹിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് മോരും വെള്ളവും വിതരണം ചെയ്തിരുന്നു. കഴിഞ്ഞ മൂന്നു ദിവസമായി ഇവർ ഈ രംഗത്തുണ്ട്. തുടർന്നുള്ള ദിവസങ്ങളിലും കോട്ടയം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും, പ്രാന്ത പ്രദേശങ്ങളിലും ഭക്ഷണ പൊതികൾ വിതരണം ചെയ്യുവാനാണ് ഇവർ ഉദ്ദേശിക്കുന്നത്.

ഹോട്ടലുകൾ ഇല്ലാതായതോടെ നിരവധിയാളുകളാണ് കോട്ടയം ജില്ലയിൽ വിശന്നു കഴിഞ്ഞത്. ഇവർക്ക് ആശ്വാസമായി മാറുകയാണ് സ്നേഹക്കൂട് ഡയറക്ടർ നിഷയും, സൃഹൃത്തുക്കളും. കൂടെ മക്കൾ ഉപേക്ഷിച്ച അമ്മമാരും.

ഉച്ചക്ക് ചോറും, കറികളും രാവിലെ 11 .30 മണിയോട് കൂടി മോരുംവെള്ളം. വൈകിട്ട് കാപ്പിയും ഏത്തക്കാപ്പവും ആണ് ഇവർ തയ്യാറാക്കി വിതരണം ചെയ്യുന്നത്. അഭയമന്ദിരത്തിലെ അന്തേവാസികളുടെ പൂർണ പിന്തുണയും ഇവർക്കുണ്ട്.

കോട്ടയം ഈസ്റ്റ് പോലീസ് സി ഐ നിർമ്മൽ ബോസ് , വെസ്റ്റ് സി ഐ അരുൺ , സ്നേഹക്കൂട് സെക്രട്ടറി അനുരാജ്, ജനമൈത്രി പോലീസുകാരായ ബിനോയി, സത്താർ, വാർഡ് മെമ്പർ രജനി സന്തോഷ് എന്നിവരുടെ പിന്തുണക്കും ഇവർ നന്ദിയർപ്പിക്കുന്നു .

കോട്ടയം കളത്തിൽ പടി കാരാണി കലുങ്കിന് സമീപമായാണ് സ്നേഹക്കൂട് അഭയമന്ദിരം സ്ഥിതി ചെയ്യുന്നത്.

സ്നേഹക്കൂട് ഡയറക്ടർ നിഷയുടെ വാക്കുകളിലേക്ക്

നമ്മുടെ നാടിന് വേണ്ടി സ്വന്തം വീടും, കുടുംബവും ഒന്നും നോക്കാതെ പൊരി വെയിലിൽ റോഡിൽ നിൽക്കുന്ന നമ്മുടെ പോലീസുകാരെ കൂടി കരുതുകയാണ് ഞങ്ങൾ. ഇതവരുടെ ഡൂട്ടി ആണ് അവർക്ക് ശമ്പളം ഉണ്ട് എന്ന് പറയുന്നവർ ഈ പൊരിവെയിലിൽ ഒരു 10 മിനിറ്റ് നിന്ന് നോക്കൂ… നിങ്ങൾ ഓടും.. ക്ഷീണിച്ച് തളർന്ന് ജോലി ചെയ്ത് ജീപ്പിൽ ചാരി നിൽക്കുന്ന വാടിയ മുഖങ്ങൾ കുറച്ച് ദിവസങ്ങളായി കാണുന്നു.. കാല് മടുക്കുമ്പോൾ ഒന്ന് ഇരിക്കാൻ പറ്റാതെ,ദാഹിക്കുമ്പോൾ ആവശ്യത്തിന് വെള്ളം പോലും കുടിക്കാതെ അവർ നമ്മുടെ നാടിന് വേണ്ടി ജോലി ചെയ്യുകയാണ് . ഇത് നമ്മുക്ക് ഒരോരുത്തർക്കും വേണ്ടിയാണ്…

Exit mobile version