മീനടം: കൊച്ചിയിലെ ട്രാക്കോ കേബിൾസിലെ ജീവനക്കാരനാണ് കോട്ടയം മീനടം അറയ്ക്കപ്പടിക്കൽ മനോജ്. കൊച്ചിയിൽ നിന്ന് 12 മണിക്കൂർ നടന്ന് കോട്ടയം മീനടത്തേ വീട്ടിൽ എത്തിയ മനോജിന് പറയാനുള്ളത് ഒറ്റപ്പെടുത്തലിന്റെ മണിക്കൂറുകളെക്കുറിച്ചാണ്.
പല വാഹനങ്ങൾക്കും മനോജ് കൈ കാണിച്ചു ആരും നിർത്തുന്നില്ല. നേരത്തെ ചരക്ക് വാഹനങ്ങളിൽ ആളെ കയറ്റുമായിരുന്നെങ്കിലും ഇപ്പോൾ അവർക്കും പേടിയാണ്. 12 മണിക്കൂർ കൊണ്ട് 65 കിലോമീറ്റർ താണ്ടി ഏറ്റുമാനൂരിൽ എത്തിയ മനോജ് ഏറ്റുമാനൂർ ബസ് സ്റ്റാൻഡിനു സമീപം എത്തിയപ്പോൾ തളർന്നു.
പഴവും, വെള്ളവും മാത്രം കഴിച്ച് ഏറ്റുമാനൂർ വരെ എത്തിയ മനോജ് തളർന്നതോടെ സൃഹൃത്ത് മീനടം സ്വദേശി സാബുവിനെ വിളിച്ചു. സാബു എത്തിയാണ് ഇദ്ദേഹത്തെ മീനടത്തേ വീട്ടിൽ എത്തിച്ചത്. ചൊവ്വാഴ്ച ലോക് ഡൗണിന്റെ ഭാഗമായി കമ്പനിയും ക്വാർട്ടേഴ്സും കന്റീനും അടച്ചതോടെയാണ് മനോജ് നാട്ടിലേക്ക് വരാൻ തയ്യാറെടുക്കുന്നത്.
ബുധനാഴ്ച രാവിലെ 7 മണിക്ക് സാബു നടപ്പു തുടങ്ങി. വൈകിട്ട് 7 മണിയോടെ ഏറ്റുമാനൂരെത്തി. നീണ്ട കാൽനട മനോജിനെ തളർത്തിയെങ്കിലും ഭാര്യയേയും മക്കളെയും കാണാൻ കഴിഞ്ഞല്ലോ എന്ന ആശ്വാസത്തിലാണ് മനോജ് ഇപ്പോൾ.
