കൊറോണ സാമ്പിള്‍ പരിശോധന നാളെ മുതൽ കോട്ടയം പുതുപ്പള്ളിയിലും; പരിശോധനയ്ക്ക് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസർച്ച് അനുമതി നല്‍കി.

കോട്ടയം: കൊറോണ വൈറസ് ബാധ സംശയിക്കപ്പെടുന്നവരുടെ സാമ്പിള്‍ പരിശോധനയ്ക്ക് കോട്ടയത്തും സംവിധാനമായി.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നാടായ പുതുപ്പള്ളിയിലാണ് കൊറോണ സാമ്പിൾ പരിശോധന നടത്തുവാൻ അനുമതി ലഭിച്ചിരിക്കുന്നത്. കേന്ദ്രത്തിന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചാണ് അനുമതി നല്‍കിയിരിക്കുന്നത്.

മഹാത്മഗാന്ധി സര്‍വ്വകലാശാലയുടെ പുതുപ്പള്ളി തലപ്പാടി ഇന്‍റര്‍ യൂണിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ ബയോ മെഡിക്കല്‍ റിസര്‍ച്ചില്‍ നാളെ (മാര്‍ച്ച് 27 വെള്ളി) പരിശോധന ആരംഭിക്കും.

ദിവസേന അന്‍പതു സാമ്പിളുകള്‍ വരെ പരിശോധിക്കാന്‍ ഇവിടെ സൗകര്യമുണ്ട്. എട്ടു മണിക്കൂറിനുള്ളില്‍ ഫലം ലഭ്യമാകും. നിലവില്‍ ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് കോട്ടയത്തുനിന്നുള്ള സാമ്പിളുകള്‍ പരിശോധിക്കുന്നത്.

ഇവിടുത്തെ പരിശോധനയില്‍ പോസിറ്റീവെന്ന് കണ്ടെത്തുന്ന സാമ്പിളുകള്‍ അന്തിമ സ്ഥിരീകരണത്തിനായി ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും പരിശോധിക്കും.

Exit mobile version