കേരളത്തിൽ ലോക്കായി മദ്യം; വാർത്ത കണ്ടു ഷോക്കായി മദ്യപൻമാരും

തിരുവനന്തപുരം:  സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലറ്റുകൾ ഇന്ന് തുറക്കില്ല. രാജ്യത്ത് സമ്പൂർണ ലോക്കൗട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. എന്നുവരെ അടച്ചിടണം എന്ന കാര്യത്തിൽ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. ബുധനാഴ്ച ഔട്ട്‌ലറ്റുകൾ തുറക്കേണ്ടെന്ന നിർദ്ദേശം എക്‌സൈസ് മന്ത്രി ബെവ്‌കോ എംഡി സ്പർജൻ കുമാറിന് നൽകി. അദ്ദേഹം എല്ലാ മാനേജർമാർക്കും ഈ നിർദ്ദേശം നൽകിക്കഴിഞ്ഞു.

സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിന്റെ മാർഗനിർദ്ദേശങ്ങളിൽ ബിവറേജസ് അവശ്യസേവനത്തിൽ ഉൾപ്പെടുന്നില്ല. അതിന് വിപരീതമായി ഔട്ട്‌ലറ്റുകൾ തുറന്നാൽ അത് വലിയ വിവാദത്തിനും ചട്ടലംഘനവുമായി വരാനുള്ള സാഹചര്യം കൂടി കണക്കിലെടുത്താണ് തീരുമാനം. ജനത കർഫ്യൂ ആചരിച്ച ഞായറാഴ്ച ബിവറേജസ് ഔട്ട്‌ലറ്റുകളൊന്നും തുറന്നിരുന്നില്ല.

ഇതിനിടയിലാണ് തീർത്തും അപ്രതീക്ഷിതമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യവ്യാപകമായി മൂന്നാഴ്ച നീണ്ടു നിൽക്കുന്ന ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. കേന്ദ്രസർക്കാരിന്റെ ഉത്തരവിൽ ബിവറേജസ് അവശ്യസർവ്വീസായി ഉൾപ്പെടുത്തിയിട്ടില്ല. ഇതോടെ മദ്യവിൽപനശാലകൾ അടച്ചു പൂട്ടാൻ സർക്കാരിന് മേൽ സമ്മർദ്ദമുണ്ടായേക്കും. ദേശീയ ലോക്ക് ഡൗൺ ചർച്ച ചെയ്യാൻ ചേരുന്ന ഇന്നത്തെ മന്ത്രിസഭായോഗം ഇക്കാര്യം ചർച്ച ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്. പെട്ടെന്ന് മദ്യം നിരോധിച്ചാൽ ഉണ്ടാവുന്ന സാമൂഹിക പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കുമെന്നും ചൂണ്ടിക്കാട്ടി സർക്കാർ മദ്യവിൽപനശാലകൾ അടച്ചിടാൻ തയ്യാറായിരുന്നില്ല.

Exit mobile version