മദ്യം വാങ്ങുവാൻ തിരക്ക് കൂട്ടിയാൽ പോലീസിന്റെ “പെട” തികച്ചും സൗജന്യം !!

കോട്ടയം: നിർദേശങ്ങൾ പാലിക്കാതെ ബവ്റിജസ് ഔട്ട് ലെറ്റിനു മുന്നിൽ കൂട്ടം കൂടിയാൽ ഇനി മുതൽ അടിച്ചോടിക്കേണ്ടി വരാൻ സാധ്യത. കറുകച്ചാലിൽ ബിവറേജസ് ഔട്ട്ലെറ്റിനു മുൻപിൽ കഴിഞ്ഞ ദിവസം ആളുകൾ തിരക്ക് കൂട്ടിയിരുന്നു.

കൊറോണ വൈറസ് ബാധ തടയുന്നതിന് സർക്കാരുകൾ നൽകിയിട്ടുള്ള ഉത്തരവുകൾ കർശനമായി പാലിക്കേണ്ട സമയത്ത് കൂട്ടം കൂടിയും അകലം പാലിക്കാതെ ബവ്റിജസ് ഔട്ട് ലെറ്റിന് മുന്നിൽ ക്യൂ നിന്നും ബഹളം വയ്ക്കുന്നവരെ നേരിടാനാണ് പൊലീസ് തീരുമാനമെന്ന് അറിയുന്നു. നിയമം പാലിച്ച് മദ്യം വാങ്ങുന്നവർക്ക് കുഴപ്പമില്ല.

ബവ്റിജസ് ഔട്ട് ലെറ്റ് തുറക്കുന്നതിനു അര മണിക്കൂർ മുൻപേ ഔട്ട് ലെറ്റിനു മുന്നിലും സമീപത്തെ നടപ്പാതകളിലുമായി ഒട്ടേറെ ആളുകളാണ് എത്തിയത്. 5 പേരിൽ കൂടുതൽ ആളുകൾ കൂടരുതെന്ന് കലക്ടറുടെ നിർദേശം നില നിൽക്കുമ്പോഴാണ് അമ്പതിലേറെ ആളുകൾ എത്തിയത്. പൊലീസ് എത്തി പലതവണ ഇവരോട് കൂട്ടം കൂടരുതെന്ന് നിർദേശവും നൽകി. പൊലീസ് സംഘം മടങ്ങിയ ഉടൻ തന്നെ ഇവർ വീണ്ടും കൂട്ടം കൂടുന്നതാണ് പൊലീസിനു തലവേദനയാകുന്നത്. ഇതേത്തുടർന്നാണ് കടുത്ത നടപടികളിലേക്ക് പൊലീസ് കടക്കുന്നത്.

ഇത്തരത്തിൽ മെഡിക്കൽ കോളേജ് ബൈപാസ് റോഡിലുള്ള ബിവറേജസ് ഔട്ട് ലെറ്റിൽ ഇന്നലെ ആൾകൂട്ടം ഒഴിവാക്കാൻ പോലീസ് കാവൽ നിൽക്കേണ്ടിയും വന്നിരുന്നു. കൂട്ടം കൂടാതെ മദ്യം വാങ്ങണമെന്നാണ് നിർദേശം.

Exit mobile version