അധികാരികളേ ? ഞങ്ങൾക്കും ജീവനുണ്ട് , വിശപ്പുണ്ട് , ദാഹമുണ്ട് … ഹോട്ടലുകൾ അടച്ചതോടെ ഞങ്ങൾ മിക്കവരും പട്ടിണിയിൽ

ലോക്ക് ഡൌൺ പ്രമാണിച്ച് നാടും നഗരവും അടച്ചപ്പോൾ വഴിയാധാരമായി തെരുവ് നായ്ക്കളും.  തെരുവിലാണ് ജീവിതമെങ്കിലും വിശക്കുന്നുവെന്നും, ദാഹിക്കുന്നുവെന്നും പറയാൻ കഴിവില്ലെങ്കിലും മനുഷ്യനെ ആശ്രയിച്ചു തന്നെയാണ് ഇവരുടെയും ജീവിതം.

ഹോട്ടലുകളും റെസ്റ്റോറന്റുകളും അടച്ചതോടെയാണ് നഗരത്തിലെ തെരുവ് നായ്ക്കൾക്ക് വിശപ്പ് അടക്കാൻ ഭക്ഷണം ലഭിക്കാതെ പോകുന്നത്. ജനങ്ങൾ ഭക്ഷ്യവസ്തുക്കൾ വാങ്ങിക്കൂട്ടിയിട്ടുണ്ടെങ്കിലും ഇങ്ങനെ ചിലർ നാട്ടിലുണ്ടെന്ന കാര്യം ചിന്തിക്കാനുള്ള മനസാക്ഷി ആരും കാണിച്ചില്ല.

ലോക്ക് ഡൗൺ കാലത്ത് തെരുവിൽ കഴിയുന്ന ഈ മിണ്ടാപ്രാണികൾക്ക് അൽപം ഭക്ഷണം നൽകണമെന്ന അവബോധം പൊതുജനങ്ങളിലുണ്ടാകണമെന്നാണ് മൃഗ സ്നേഹികളുടെ അഭിപ്രായം.

ലോക്ക്ഡൗണിന്റെ സമയത്തും കന്നുകാലികൾക്ക് പുല്ലും തീറ്റയും, അരുമമൃഗങ്ങൾക്കും തെരുവുമൃഗങ്ങൾക്കും ഭക്ഷണവും നൽകുന്നതിനുള്ള സംവിധാനം അവശ്യ സേവനമായതിനാൽ പ്രവർത്തനനിരതമാണെന്ന് ഉറപ്പാക്കണമെന്ന് മൃഗക്ഷേമ ബോർഡ് ആവശ്യപ്പെടുന്നു.

സാധാരണയായി തെരുവുമൃഗങ്ങൾക്കും പക്ഷികൾക്കും തീറ്റയും വെള്ളവും കൃത്യമായി നൽകുന്ന മൃഗസ്നേഹികളുണ്ടാവും. എന്നാൽ, കൊറോണക്കാലത്ത് ഈ പുണ്യപ്രവൃത്തി തടസപ്പെടുന്ന സാഹചര്യമുണ്ടായാൽ അനേകം പക്ഷിമൃഗാദികൾ വിശപ്പും ദാഹവും മൂലം ചത്തുപോകാനിടയുണ്ട്.

കേന്ദ്ര ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി ആൻഡ് ഡെയറിയിങ് മന്ത്രാലയത്തിന്റെ ആനിമൽ ഹസ്ബൻഡറി ആൻഡ് ഡെയറിയിങ് ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആനിമൽ വെൽഫയർ ബോർഡ് ഓഫ് ഇന്ത്യ തങ്ങളിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാർക്ക് കൊറോണക്കാലത്ത് മൃഗങ്ങളെ അവഗണിക്കരുതെന്ന് കാണിച്ച് കത്തു നൽകിയിട്ടുണ്ട് എന്ന് അറിയുവാൻ കഴിയുന്നു.

തങ്ങൾക്കു വിശപ്പുണ്ട് എന്ന് പറയുവാൻ കഴിവില്ലാത്ത ഈ മിണ്ടാപ്രാണിയുടെ അവസ്ഥ ഇപ്പോൾ വളരെ ശോചനീയമാണ്.

Exit mobile version