ന്യൂഡൽഹി: കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ച രാത്രി 12 മണിമുതൽ 21 ദിവസത്തേക്കു രാജ്യം മുഴുവൻ ലോക്ക് ഡൗൺ ആയിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം പ്രധാനമായ തീരുമാനമെടുക്കുകയാണ്. ഇന്നു രാത്രി 12 മണി മുതൽ രാജ്യം മുഴുവൻ അടച്ചിടുകയാണ്– പ്രധാനമന്ത്രി പറഞ്ഞു. എല്ലാ സംസ്ഥാനങ്ങൾക്കും ഇതു ബാധകമായിരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഏപ്രിൽ 14 വരെയാണ് അടച്ചിടൽ.
ജനതാ കർഫ്യൂ വിജയിപ്പിച്ചതിനു ജനങ്ങൾക്കു നന്ദി പറയുന്നു. പ്രതിസന്ധി ഘട്ടത്തിൽ ജനം ഒരുമിച്ചു നിന്നു. കൊറോണയെ തടയണമെങ്കിൽ അതു പടരുന്ന വഴികൾ തകർക്കുകയാണു ചെയ്യേണ്ടത്. കൊറോണയെ നേരിടാൻ മറ്റു വഴികളില്ല.
ജനങ്ങൾ സാമൂഹ്യ അകലം പാലിക്കുക എന്നതല്ലാതെ ഈ മഹാമാരിയെ നേരിടാൻ വേറെ വഴിയില്ല. ഇത് മെഡിക്കൽ വിദഗ്ദ്ധർ തന്നെ വ്യക്തമാക്കിയതാണ്. വീട്ടിൽ അടച്ചിരിക്കൂ. സുരക്ഷിതരായിരിക്കൂ. കൊറോണ പടർന്നുപിടിക്കുന്നത് നമുക്ക് തടഞ്ഞേ പറ്റൂ. അതിന് സാമൂഹ്യ അകലം പാലിക്കണം. ഇത് രോഗികൾക്ക് മാത്രമേ വേണ്ടൂ എന്ന് ചിലർക്ക് തെറ്റിദ്ധാരണയുണ്ട്. ഇത് ശരിയല്ല. കുടുംബത്തിലെ ഓരോരുത്തരും സാമൂഹ്യ അകലം പാലിക്കണം. നിങ്ങൾക്കും എനിക്കും അങ്ങനെ എല്ലാവർക്കും സാമൂഹ്യാകലം പാലിച്ചേ പറ്റൂ.
എന്നാൽ ചിലർ നിരുത്തരവാദിത്തപരമായി പെരുമാറുന്നു. ഇത്തരം പെരുമാറ്റം തുടർന്നാൽ രാജ്യം അതിന് വലിയ വില കൊടുക്കേണ്ടിവരും. മിക്ക സംസ്ഥാനസർക്കാരുകളും മികച്ച രീതിയിലാണ് ഈ രോഗത്തെ നേരിടുന്നത്. അവരുടെ പ്രവർത്തനത്തെ അഭിനന്ദിച്ചേ പറ്റൂ.
അതിനാൽ ഇന്ന് രാത്രി 12 മണി മുതൽ രാജ്യമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നു. രാജ്യത്തെ ഓരോ പൗരന്മാരെയും രക്ഷിക്കാനായി ഈ നടപടി അത്യന്താപേക്ഷിതമാണ്. ഇന്ന് രാത്രി മുതൽ പുറത്തിറങ്ങുന്നതിന് കനത്ത നിയന്ത്രണങ്ങളുണ്ടാകും. ഇത് രാജ്യത്തിന്റെ മുക്കിനും മൂലയ്ക്കും ബാധകമാണ്. ജനതാ കർഫ്യൂവിനേക്കാൾ കർശനമായ ലോക്ക് ഡൗണാണ് പ്രഖ്യാപിക്കുന്നത്.ഇതിനാൽ സാമ്പത്തിക പ്രതിസന്ധി രാജ്യത്തെ ബാധിച്ചേക്കാം. എന്നാൽ നമ്മുടെ ജീവൻ രക്ഷിക്കാൻ ഈ നടപടി അനിവാര്യമാണ്. അതിനാൽ ഈ പ്രഖ്യാപനവുമായി മുന്നോട്ടുപോകുന്നു.
21 ദിവസം നീണ്ട കാലയളവായി തോന്നാമെങ്കിലും ഇത് നമ്മുടെ സുരക്ഷയ്ക്ക് അത്യാവശ്യമാണ്. ഇത് മാത്രമാണ് നമ്മുടെ പക്കലുള്ള ചികിത്സ. പലതരത്തിലുള്ള ഊഹാപോഹങ്ങൾ പരന്നേക്കാം. എന്നാൽ നിർദ്ദേശങ്ങൾ പാലിക്കുകയാണ് പ്രധാനം. അഭ്യൂഹങ്ങൾ പരത്താൻ ശ്രമിക്കുകയുമരുത്.
ഈ വെല്ലുവിളിയുടെ കാലത്ത് സ്വകാര്യ മേഖലയും രാജ്യത്തെ ഓരോ പൗരനും ഒപ്പം നിൽക്കും. ഈ സമയത്ത് ആരോഗ്യമേഖലയിൽ മാത്രമായിരിക്കണം ശ്രദ്ധയെന്ന് സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യവികസനം ശക്തിപ്പെടുത്താൻ 15,000 കോടി കേന്ദ്ര സർക്കാർ അനുവദിക്കും.
ഈ പ്രതിസന്ധി രാജ്യത്തെ ദരിത്ര ജനങ്ങളെ ബാധിച്ചിട്ടുണ്ട്. അതിന്റെ ആഘാതം കുറയ്ക്കാൻ രാജ്യത്തെ സംവിധാനം മുഴുവൻ പ്രവർത്തിക്കുകയാണ്. അവശ്യസാധാനങ്ങൾ രാജ്യത്തെമ്പാടും എത്തിക്കാൻ ശ്രമങ്ങൾ തുടരുകയാണ്. കുടുംബത്തിലെ ഉറ്റവരെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കണം. രാജ്യത്തെ എല്ലാ പൗരന്മാരും ഈ പ്രതിസന്ധി കൂട്ടായി തരണം ചെയ്യുമെന്നും മോദി പറഞ്ഞു. കൊവിഡ് മഹാമാരിയുടെ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ജനതാ കർഫ്യു അടക്കം നിർണ്ണായക പ്രഖ്യാപനങ്ങളെ രാഷ്ട്രം ഒറ്റക്കെട്ടായി ഏറ്റെടുത്തിരുന്നു,
