അടച്ചുപൂട്ടി കേരളം; വീട്ടിലിരിക്കാത്തവരെ പിടികൂടും, ലോക്ക്ഡൗൺ അറിയേണ്ടതെല്ലാം

തിരുവനന്തപുരം ∙ കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേരളം പൂർണമായി ലോക്ക്ഡൗൺ (അടച്ചിടൽ) ആയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അസാധാരണമായ സാഹചര്യത്തിലേക്കു സംസ്ഥാനം പോകുകയാണ്. തിങ്കളാഴ്ച അർധരാത്രി മുതൽ തീരുമാനം പ്രാബല്യത്തിലാകും. മാർച്ച് 31വരെയാണ് ലോക്ക്ഡൗൺ. തുടർന്ന് എന്തുവേണമെന്ന് പിന്നീട് തീരുമാനിക്കും.

സംസ്ഥാനത്ത് തിങ്കളാഴ്ച 28 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കാസർകോട്–19, എറണാകുളം–2, കണ്ണൂർ– 5, പത്തനംതിട്ട– 1, തൃശൂർ– 1 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. ഇതിൽ 25 പേർ ദുബായിൽനിന്ന് വന്നവരാണ്. രോഗം ഇതുവരെ ബാധിച്ചവർ 95 ആയി. നേരത്തെ 4 പേർ രോഗവിമുക്തരായിരുന്നു. സംസ്ഥാനത്താകെ നിരീഷണത്തിൽ 64,320 പേരുണ്ട്; 63,937 പേർ വീടുകളിലും 383 പേർ ആശുപത്രിയിലും. 122 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4,291 സാംപിൾ പരിശോധയ്ക്ക് അയച്ചു. 2987 പേർക്ക് രോഗമില്ലെന്ന് വ്യക്തമായി.

അവശ്യസാധനങ്ങൾ, മരുന്നുകൾ എന്നിവ ഉറപ്പാക്കും. സംസ്ഥാന അതിർത്തി അടയ്ക്കും. പൊതുഗതാഗതം ഉണ്ടാകില്ല. റസ്റ്ററന്റുകൾ അടയ്ക്കുമെങ്കിലും ഹോം ഡെലിവറി സംവിധാനങ്ങൾ ഉണ്ടാകും. പെട്രോൾ പമ്പ്, ആശുപത്രികൾ എന്നിവ പ്രവർത്തിക്കും. സർക്കാർ ഓഫിസുകൾ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കും. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മെഡിക്കൽ ഷോപ്പുകൾ ഒഴികെ മറ്റെല്ലാ കടകളും അടയ്ക്കും.

ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. സാധനങ്ങൾ വാങ്ങാന്‍ ഇറങ്ങുമ്പോൾ ശാരീരിക അകലം പാലിക്കണം. കാസർകോട് കൂടുതൽ കർശന നടപടികൾ സ്വീകരിക്കും. അനാവശ്യമായി ആരും പുറത്തിറങ്ങരുത്. ഇറങ്ങിയാൽ അറസ്റ്റ് ഉണ്ടാകും. കനത്ത പിഴയും ചുമത്തും. മറ്റു സംസ്ഥാനങ്ങളിൽനിന്ന് വരുന്നവർക്ക് 14 ദിവസത്തെ നിരീക്ഷണം നിർബന്ധമാക്കിയെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Exit mobile version