ന്യൂഡൽഹി: കോവിഡ് സ്ഥിരീകരിച്ച 7 ജില്ലകൾ പൂർണമായി അടച്ചിടാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സമൂഹമാധ്യമത്തിൽ കുറിച്ചു. കേരളത്തിലെ 7 ജില്ലകളിലും പുതുതായി ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തുന്നതിന് തീരുമാനിച്ചിട്ടില്ല. എന്നാല്‍ നേരത്തേ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇനിയെന്തെല്ലാം വേണമെന്നു തിങ്കളാഴ്ച തീരുമാനിക്കും. കാസർകോട് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ച 75 ജില്ലകൾ അടച്ചിടണമെന്ന് കേന്ദ്ര ഉന്നതസമിതിയോഗം നിർദേശിച്ചിരുന്നു. കേരളത്തിൽ 7 ജില്ലകളാണ് ആ പട്ടികയിലുണ്ടായിരുന്നത്. ഭക്ഷ്യസാധനങ്ങൾ വിൽക്കുന്നതിനു തടസ്സമില്ലെന്നു റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ട്രെയിൻ സർവീസുകളും ഇന്ന് രാത്രി മുതൽ നിർത്തലാക്കി. ദൂരയാത്രകൾ ഒഴിവാക്കണമെന്നു നിർദേശമുണ്ട്.
എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരും കാബിനറ്റ് സെക്രട്ടറിയും പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ചേർന്ന ഉന്നതതല യോഗത്തിലാണ് ജില്ലകൾ അടച്ചിടാനുള്ള തീരുമാനം. അവശ്യ സർവീസുകളല്ലാത്ത അന്തർ സംസ്ഥാന യാത്രാ ബസുകളെല്ലാം മാർച്ച് 31 വരെ നിർത്തിവയ്ക്കും. 75 ജില്ലകളിലും അവശ്യ സർവീസുകൾ മാത്രം മതിയെന്ന നിർദേശം ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകൾക്കു നൽകുമെന്നു യോഗം അറിയിച്ചു.