കൊറോണ; കോട്ടയം ജില്ലയില്‍ ഏറ്റവുമധികം ആളുകള്‍ ഹോം ക്വാറന്‍റയിനില്‍ കഴിയുന്ന തിരുവാര്‍പ്പില്‍ മന്ത്രി സന്ദര്‍ശനം നടത്തി

കോട്ടയം: കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയില്‍ ഏറ്റവുമധികം ആളുകള്‍ ഹോം ക്വാറന്‍റയിനില്‍ കഴിയുന്ന തിരുവാര്‍പ്പ് പഞ്ചായത്തില്‍ മന്ത്രി പി. തിലോത്തമന്‍ സന്ദര്‍ശനം നടത്തി.

ആരോഗ്യ വകുപ്പിന്‍റെ ഹോം ക്വാറന്‍റയിന്‍ നിരീക്ഷണ സംഘത്തിനൊപ്പമെത്തിയ മന്ത്രി പൊതുസമ്പര്‍ക്കമില്ലാതെ കഴിയുന്ന ഒരു കുടുംബവുമായി സംവദിക്കുകയും ചെയ്തു.

ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു, എ.ഡി.എം. അനില്‍ ഉമ്മന്‍,പഞ്ചായത്ത് പ്രസിഡന്‍റ് ജെസി നൈനാന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തിയ മന്ത്രി ജനപ്രതിനിധികളും
ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തി നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. ക്വാറന്‍റയിനില്‍ കഴിയുന്നവര്‍ക്ക് ഗ്രാമപഞ്ചായത്ത് പിന്തുണയും സഹായവും നല്‍കുന്നുണ്ടെന്ന് പ്രസിഡന്‍റ് അറിയിച്ചു.

ജില്ലാ ഭരണകൂടം പ്രത്യേക ക്വാറന്‍റയിന്‍ സംവിധാനത്തില്‍ പാര്‍പ്പിച്ചിരുന്ന നാലു വിദേശികള്‍ക്ക് കൊറോണ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഇന്നലെ പരിശോധനാ ഫലം ലഭിച്ചതിനെത്തുടര്‍ന്നാണ് ഫ്രാന്‍സില്‍നിന്നുള്ള രണ്ടുപേര്‍ക്കും സ്പെയിന്‍കാരായ രണ്ടു പേര്‍ക്കും മടക്കയാത്രയ്ക്ക് വഴി തുറന്നത്. നേരത്തെ പാലാ ജനറല്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ഇവരെ പിന്നീട് പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

കൊവിഡ് 19 രോഗവ്യാപനം തടയുന്നതിനുളള അടിയന്തിര നടപടികളുടെ ഭാഗമായി കോട്ടയം ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ചിട്ടുള്ള നിരോധന ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കും. ദുരന്ത നിവാരണ നിയമം സെക്ഷന്‍ 51, ഐ.പി.സി സെക്ഷന്‍ 269 എന്നിവ പ്രകാരം നടപടി സ്വീകരിക്കുന്നതിന് ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ജില്ലയില്‍ 50 ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന യോഗങ്ങള്‍, ആഘോഷങ്ങള്‍, പരിപാടികള്‍, ഒത്തുചേരലുകള്‍ എന്നിവ നിരോധിച്ച് വ്യാഴാഴ്ച്ച രാത്രിയാണ് ജില്ലാ കളക്ടര്‍ ഉത്തരവായത്.

Exit mobile version