പഴകിയ ഭക്ഷണം വിറ്റ് ഏറ്റുമാനൂരിലെ ഹോട്ടലുകൾ;  ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു

കോട്ടയം: നാട്ടുകാരെ രോഗികളാക്കാൻ പഴകിയ ഭക്ഷണം വിറ്റ് ഏറ്റുമാനൂരിലെ ഹോട്ടലുകൾ. ഏറ്റുമാനൂരിലെ ഒട്ടു മിക്ക പ്രധാനപ്പെട്ട ഹോട്ടലുകളിലാണ് നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്.

ഈ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണവും ഭക്ഷണത്തിൽ ചേർക്കുന്ന നിറവും അടക്കമുള്ളവ പിടിച്ചെടുത്തിട്ടുണ്ട്. നിറങ്ങളും പഴകിയ ഭക്ഷണവും കൂടാതെ നിരോധിത പ്ലാസ്റ്റിക്കുകളും ഈ ഹോട്ടലുകളിൽ നിന്നും നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തിട്ടുണ്ട്.

പഴകിയ എണ്ണ, ചിക്കൻ കറി, പഴകിയ ഈന്തപ്പഴം, സ്‌നാക്‌സ്, പ്ലാസ്റ്റിക് ഡിസ്‌പോസിബിൾ ബൗൾ, പഴകിയ ചിക്കൻ, ഉള്ളിക്കറി, ചപ്പാത്തി മീൻകറി, ബീഫ്, കപ്പ വേവിച്ചത്, ബീഫ് ഉലത്തിയത്, ഉഴുന്നുമാവ്, പ്ലാസ്റ്റിക്ക് കവറുകൾ, പഴകിയ ബിരിയാണി റൈസ്, ന്യൂഡിൽസ്, മീൻ, തെർമോക്കോൾ പാക്കറ്റിലെ ചപ്പാത്തി, പുളിശേരി, പഴയ എണ്ണ, ചോറ്, പഴകിയ മീൻകറി, പഴകിയ കപ്പ പുഴുങ്ങിയത്, ഉരുളക്കിഴങ്ങ് വറുത്തത്, മീൻ വറുത്തത്, ദിവസങ്ങളോളം പഴക്കമുള്ള മീൻകറിയും ചിക്കൻ കറിയും ബീഫ് കറിയും ഫ്രൈയും വിവിധ ഇനം ഗ്രേവികൾ , പന്നിയിറച്ചിയും പീസും ഗ്രേവിയും അടക്കമുള്ളവയാണ് വിവിധ ഹോട്ടലുകളിൽ നിന്നും പിടിച്ചെടുത്തത്.

ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.പി മോഹൻദാസിന്റെ നേതൃത്വത്തിൽ കൊറോണ ബാധയുടെ പശ്ചാത്തലത്തിലായിരുന്നു ആരോഗ്യ വിഭാഗത്തിന്റെ പരിശോധന. ഹെൽത്ത് ഇൻസ്‌പെക്ടർ വിനു, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പഴകിയ ഭക്ഷണം പിടിച്ചെടുത്ത ഹോട്ടലുകൾക്കു നോട്ടീസ് നൽകിയിട്ടുണ്ട്. ഈ ഹോട്ടലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും.

Exit mobile version