രണ്ടാം വട്ടം മകനെ ജാമ്യത്തിലിറക്കാന്‍ ഇനി വള്ളിയമ്മു ഇല്ല ; അനുവാദം ചോദിക്കാതെ ചായ വാങ്ങിക്കുടിച്ചതിന് തിന്നര്‍ ഒഴിച്ച് മകന്‍ കത്തിച്ച അമ്മ മരിച്ചു

തൃശൂർ : അമ്മയെ റോഡിലിട്ടു തീ കൊളുത്തി കൊന്ന കേസിൽ ജയിലിലായ മകൻ ഉണ്ണിക്കൃഷ്ണന് ഇനി അകത്തുതന്നെ കിടക്കേണ്ടിവരും. മുല്ലശേരി മാനിനക്കുന്നിൽ വാഴപ്പുള്ളി വീട്ടിൽ പരേതനായ അയ്യപ്പക്കുട്ടിയുടെ ഭാര്യ വള്ളിയമ്മു (85) ഇന്നലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു.

അമ്മയുടെ വായിൽ ടോർച്ചു കുത്തിക്കയറ്റിയതിനു ജയിലിലായിരുന്ന ഉണ്ണിക്കൃഷ്ണനെ അമ്മ തന്നെയാണു 2 മാസം മുൻപ് ജാമ്യത്തിലിറക്കിയത്. തന്നോടു ചോദിക്കാതെ മരുമകളിൽ നിന്നു ചായ വാങ്ങിക്കുടിച്ച ദേഷ്യത്തിലാണ് ഉണ്ണിക്കൃഷ്ണൻ തീ കൊളുത്തിയത്. അമ്മയെ മർദിച്ചതിനു പല തവണ ഉണ്ണിക്കൃഷ്ണനെതിരെ പരാതിയുണ്ടായിരുന്നു. ബുധനാഴ്ച രാവിലെ 8.30നായിരുന്നു സംഭവം.

വടിയൂന്നി മാത്രം നടക്കാനാകുന്ന വള്ളിയമ്മുവിനെ തെങ്ങിൻ മടൽകൊണ്ടു അടിക്കുകയും റോഡിലേക്കു പോയപ്പോൾ പിറകെയെത്തി തിന്നർ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. ഉണ്ണിക്കൃഷ്ണനെ കോടതി റിമാൻഡ് ചെയ്തു. പ്രഷീത, ലളിത എന്നിവരാണ് മറ്റു മക്കൾ. മരുമക്കൾ: അനിത, സജീവൻ, വേലായുധൻ.

Exit mobile version