കൊറോണ; അവര്‍ ഒളിച്ചിരിക്കുന്ന രോഗികളല്ല; നിങ്ങളുടെ സുരക്ഷക്ക് വേണ്ടി ഒറ്റപ്പെട്ടു താമസിക്കുന്നവരാണ്. അവർക്കെതിരായ വ്യാജ പ്രചാരണങ്ങൾ ഒഴിവാക്കുക.

വിദേശത്തുനിന്നു വന്ന കൊറോണ രോഗികള്‍ വീടുകളില്‍ ഒളിച്ചിരിക്കുന്നു എന്ന അഭ്യൂഹം ജില്ലയില്‍ വ്യാപകമായുണ്ട്. കളക്ടറേറ്റിലെ കൊറോണ കണ്‍ട്രോള്‍ റൂമിലും വിവിധ വകുപ്പുകളിലും ആശുപത്രികളിലും നിരവധി പേര്‍ ഇത്തരം രോഗികളെക്കുറിച്ച് ഫോണില്‍ വിളിച്ചറിയിക്കുന്നുണ്ട്.

വൈറസ് ബാധ പ്രതിരോധിക്കുന്നതിനായി ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികളെക്കുറിച്ച് അറിവില്ലാത്തതാണ് ഭൂരിഭാഗം പരാതികള്‍ക്കും കാരണം. വിദേശത്തുനിന്ന്, പ്രത്യേകിച്ച് കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളില്‍നിന്ന് എത്തിയവര്‍ എത്രയും വേഗം ആരോഗ്യ വകുപ്പില്‍ വിവരമറിയിച്ച് പൊതു സമ്പര്‍ക്കം ഒഴിവാക്കി വീടുകളില്‍ തനിയെ താമസിക്കണമെന്നാണ് നിര്‍ദേശം. ഇങ്ങനെ കഴിയുന്നവര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ട്.

വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ ഇല്ലെങ്കിലും ഇവര്‍ക്ക് 28 ദിവസം ഹോം ക്വാറന്റയിന്‍ വേണ്ടതുണ്ട്. ഇക്കാലയളവില്‍ എല്ലാ ദിവസവും ആരോഗ്യ വകുപ്പ് ഇവരുടെ ആരോഗ്യനില അന്വേഷിക്കും. രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വിഭാഗത്തിലേക്ക് മാറ്റുകയും സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്യും.

രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും ഉറ്റവരുടെയും അയല്‍വാസികളുടെയും നാട്ടുകാരുടെയും സുരക്ഷയെക്കരുതി ഒറ്റപ്പെട്ടു താമസിക്കുന്നവരും കുടുംബാംഗങ്ങളും വ്യാജ പ്രചാരണങ്ങള്‍മൂലം ഏറെ ബുദ്ധിമുട്ടു നേരിടുന്നതായി പരാതിയുണ്ട്.

വിദേശത്തുനിന്ന് വന്ന് ആരോഗ്യ വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്ത് ഹോം ക്വാറന്റയിനില്‍ കഴിയുന്നവര്‍ക്കെതിരായ വ്യാജ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു പറഞ്ഞു. റിപ്പോര്‍ട്ട് ചെയ്യാത്തവരുണ്ടെങ്കില്‍ അക്കാര്യം പ്രദേശത്തെ ജനപ്രതിനിധികളെയോ സര്‍ക്കാര്‍ ആശുപത്രിയിലോ അറിയിക്കുക. രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍നിന്ന് സമീപ ദിവസങ്ങളില്‍ എത്തിയവര്‍ പൊതു പരിപാടികളില്‍ പങ്കെടുക്കുന്നത് ശ്രദ്ധയില്‍ പെട്ടാലും അധികൃതരെ അറിയിച്ചാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്.

ഹോം ക്വാറന്റയിനില്‍ കഴിയുന്നവര്‍ക്ക് മാനസികവും സാമൂഹികവുമായ പിന്തുണയും സഹായങ്ങളും ലഭ്യമാക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.

Exit mobile version