ആലപ്പുഴ: അമിത വേഗത്തിലെത്തിയ കാർ 4 വിദ്യാർഥിനികളെ ഇടിച്ചു തെറിപ്പിച്ച സംഭവത്തിൽ അസം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു.
അസമിലെ ബിൻസുക്കിയ വിമൂർഗുഡ് മുഡോയ്ഗാവ് സ്വദേശി ആനന്ദ മുഡോയ് (29) ആണ് അറസ്റ്റിലായത്. താനാണു കാർ ഓടിച്ചതെന്നും മദ്യപിച്ചിരുന്നെന്നും ഇയാൾ പൊലീസിനോടു സമ്മതിച്ചു. ഇയാൾക്കു ഡ്രൈവിങ് ലൈസൻസില്ല.
നടന്നു പോയ വിദ്യാര്‍ഥിനികളെ ഇടിച്ച് തെറിപ്പിച്ച് പാഞ്ഞെത്തിയ കാര്‍ -വിഡിയോകോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നു കസ്റ്റഡിയിലെടുത്ത ആനന്ദയെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. സാരമായ പരുക്കില്ലാത്തതിനാൽ ഇന്നലെതന്നെ ഇയാളെ ആശുപത്രിയിൽനിന്നു വിട്ടയച്ചിരുന്നു. കൊലപാതക ശ്രമം, മദ്യപിച്ചു വാഹനം ഓടിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണു കേസ്.
കാറിൽ ആനന്ദയ്ക്കൊപ്പം ഉണ്ടായിരുന്ന പാണാവള്ളി 13–ാം വാർഡ് ഇടവഴീക്കൽ മനോജ് തലയ്ക്കു പരുക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചകിത്സയിലാണ്. മനോജിനെതിരെ കൊലപാതക ശ്രമത്തിനും മദ്യപിച്ചു വാഹനത്തിൽ സഞ്ചരിച്ചു കൊലപാതകത്തിനു പ്രേരിപ്പിച്ചതിനും കേസെടുത്തു.
പൂച്ചാക്കൽ സ്റ്റേഷനിലെത്തിച്ചാണ് ആനന്ദയെ ചോദ്യം ചെയ്തത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ അസ്‍ലം എന്നാണ് ഇയാൾ പേരു പറഞ്ഞത്. രേഖകൾ പൊലീസ് പരിശോധിച്ചപ്പോഴാണു പേരും വിലാസവും വ്യക്തമായത്.