കോട്ടയം ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഏഴു പേര്‍ക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചെന്ന് കളക്ടർ

കോട്ടയം: കോട്ടയം ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഏഴു പേര്‍ക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന മൂന്നു പേരുടെയും ജില്ലാ ആശുപത്രിയില്‍ കഴിയുന്ന ഒരാളുടെയും വീടുകളില്‍ പൊതു സമ്പര്‍ക്കമില്ലാതെ കഴിയുന്ന മൂന്നു പേരുടെയും സാമ്പിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയത്. വൈറസ് ബാധ സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന ദമ്പതികളുടെ കുട്ടിയും ഇതില്‍ ഉള്‍പ്പെടുന്നു.

ഇതുവരെ ജില്ലയില്‍നിന്ന് പരിശോധനയ്ക്കയച്ച 54 സാമ്പിളുകളില്‍ രണ്ടെണ്ണം പോസിറ്റീവും 34 എണ്ണം നെഗറ്റീവുമായിരുന്നു. 15 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. മൂന്നു സാമ്പിളുകള്‍ പരിശോധനയ്ക്കെടുക്കാതെ തള്ളി.

വൈറസ് ബാധയുടേതെന്ന് സംശയിക്കാവുന്ന ലക്ഷണങ്ങളുമായി മൂന്നു പേരെക്കൂടി ആശുപത്രികളില്‍ നിരീക്ഷണത്തിലാക്കി. ഇപ്പോള്‍ 13 പേരാണ് ആശുപത്രികളിലുള്ളത്.

ഇന്ന് 142 പേര്‍ക്കു കൂടി വീടുകളില്‍ പൊതുസമ്പര്‍ക്കമില്ലാതെ കഴിയാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയതോടെ ഹോം ക്വാറന്‍റയിനില്‍ ഉള്ളവരുടെ എണ്ണം 310 ആയി.

രോഗം സ്ഥീരീകരിച്ചവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ(പ്രൈമറി കോണ്‍ടാക്ട്സ്) 74 പേരെ ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 42 പേര്‍ എറണാകുളം ജില്ലയില്‍ രോഗം സ്ഥീരീകരിച്ചവര്‍ക്കൊപ്പം വിമാനത്തില്‍ സഞ്ചരിച്ചവരാണ്. രോഗബാധിതരുമായി അടുത്ത് ഇടപഴകിയവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരായി(സെക്കന്‍ഡറി കോണ്‍ടാക്ട്സ്) 309 പേരെയാണ് ഇതുവരെ ജില്ലയില്‍ കണ്ടെത്തിയിട്ടുള്ളത്.

ജനങ്ങള്‍ ഒത്തു ചേരുന്ന പരിപാടികളും കര്‍മ്മങ്ങളും മാര്‍ച്ച് 31 വരെ ഒഴിവാക്കുന്നതിന് കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ജില്ലയിലെ മതനേതാക്കള്‍ സന്നദ്ധത അറിയിച്ചു. ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ കുടുംബാംഗങ്ങള്‍ക്കും ഹോം ക്വാറന്‍റയിനില്‍ കഴിയുന്നവര്‍ക്കും മാനസികവും സാമൂഹികവുമായ പിന്തുണയും സഹായങ്ങളും ലഭ്യമാക്കാന്‍ തയ്യാറാണെന്നും അവര്‍ പറഞ്ഞു

Exit mobile version