പത്തനംതിട്ട: ജനറൽ ആശുപത്രിയിലെ കൊറോണ ഐസൊലേഷൻ വാർഡിൽ നിന്ന് ചാടിപ്പോയ വെച്ചൂച്ചിറ സ്വദേശിയെ പോലീസ് പിന്നാലെയെത്തി ആശുപത്രിയിൽ എത്തിച്ചു. ഇന്നലെ പൊലീസുകാരെയും ആരോഗ്യപ്രവർത്തകരെയും കബളിപ്പിച്ച് ആശുപത്രിയിൽ നിന്നും ചാടിപ്പോയ ഇയാൾ സ്വയം രോഗമില്ലെന്ന് വിധിയെഴുതുകയായിരുന്നു
തനിക്ക് രോഗമില്ലെന്ന് സ്വയം വിധിയെഴുതിയ ഇയാൾ ജനറൽ ആശുപത്രിയിൽ കിടക്കാൻ കൂട്ടാക്കാതെ വരികയായിരുന്നു. തനിക്ക് രോഗമില്ലെന്നും താനെന്തിന് ഇവിടെ കിടക്കണമെന്നും ചോദിച്ചാണ് ഇയാൾ ചാടിപ്പോയതിനെ ന്യായീകരിക്കുന്നത്. രാത്രി ഏഴു മണിയോടെ ചാടിപ്പോയ ഇയാളെ കുറിച്ച് പൊലീസിൽ വിവരം എത്തുന്നത് പത്തരയ്ക്ക്.
പൊലീസ് ജനറൽ ആശുപത്രിയിൽ എത്തുമ്പോൾ ആകെയുള്ള വിവരം പേരും വെച്ചൂച്ചിറക്കാരൻ ആണെന്നതും മാത്രം. ഇതു വച്ച് പൊലീസ് കുറേ തപ്പി. ഒരു വിവരവും കിട്ടിയില്ല. അതിന് ശേഷമാണ് ഡിഎം ഓഫീസിൽ നിന്ന് അഡ്രസും ഫോൺ നമ്പരും കിട്ടിയത്.
സൈബർ സെൽ തപ്പിയപ്പോൾ ആൾ വെച്ചൂച്ചിറയിലെ വീട്ടിൽ സുഖമായിരിക്കുന്നു. ഉടൻ തന്നെ പൊലീസ് അവിടെ എത്തി. എന്നാൽ, തിരികെ ആശുപത്രിയിലേക്ക് വരാൻ ഇയാൾ കൂട്ടാക്കിയില്ല. തനിക്ക് രോഗമില്ലെന്നും താനെന്തിന് അവിടെ കിടക്കണം എന്നുമായി ഇയാളുടെ ചോദ്യം. രോഗം സംശയിക്കുന്നയാളായതു കൊണ്ട് പിടിച്ച് ജീപ്പിൽ കയറ്റി കൊണ്ടുവരാനും പൊലീസിന് കഴിയുമായിരുന്നില്ല. വീടിന് കാവലിടാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നിർദേശിച്ചു. ഇയാളെ പൊലീസ് കാവലിൽ നിരീക്ഷണത്തിലാക്കി. തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രി ആർഎംഓയുമായി ബന്ധപ്പെട്ട് പ്രത്യേക ആംബുലൻസ് വെച്ചൂച്ചിറയ്ക്ക് അയച്ചു.
രോഗിയുമായി ആംബുലൻസ് ജനറൽ ആശുപത്രിയിൽ എത്തിയത് പുലർച്ചെ രണ്ടിന്. മൂത്രപ്പുരയിൽ പോകാൻ എന്നു പറഞ്ഞാണ് യുവാവ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്നും ചാടിപ്പോയത്
ആരുടെയും ശ്രദ്ധയിൽപ്പെടാതെ വാതിൽ തുറന്ന് പുറത്തിറങ്ങിയ യുവാവ് കടന്നുകളയുകയായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും യുവാവിനെ കാണാതിരുന്നതോടെ ആശുപത്രി അധികൃതർ അന്വേഷണം ആരംഭിക്കുകയായിരുന്നു. ശൗചാലയത്തിൽ അടക്കം പോയി മടങ്ങിവരാൻ ആവശ്യമായ സമയം കഴിഞ്ഞും യുവാവിനെ കാണാതായതോടെയാണ് ആശുപത്രി അധികൃതർ അന്വേഷണം തുടങ്ങിയത്. യുവാവിന് ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടില്ല.
രോഗം സ്ഥിരീകരിച്ച ആളുകളുമായി യുവാവ് അടുത്തിടപഴകിയിരുന്നു. തുടർന്ന് ചില രോഗലക്ഷണങ്ങളുമായാണ് യുവാവിനെ ഏതാനും ദിവസം മുമ്പ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്.