കൊറോണ; കോട്ടയം ജില്ലയില്‍ മെഡിക്കൽ കോളേജ്, ജനറൽ ഹോസ്പിറ്റൽ, സ്വകാര്യ ഹോസ്പിറ്റൽ എന്നിവയിലുൾപ്പെടെ ഒന്‍പതു പേര്‍ ആശുപത്രി നിരീക്ഷണത്തില്‍;

കോട്ടയം: കൊറോണ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയില്‍ ഒന്‍പതു പേര്‍ ആശുപത്രി നിരീക്ഷണത്തില്‍. പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ച കുടുംബത്തിലെ ഗൃഹനാഥന്‍റെ മാതാപിതാക്കളെ ഇന്നലെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ബന്ധുകുടുംബത്തിലെ മൂന്നു പേരും മറ്റു രണ്ടു പേരും ഉള്‍പ്പെടെ ആകെ ഏഴു പേരാണ് ഇപ്പോള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉള്ളത്.

ഒരാള്‍ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും മറ്റൊരാള്‍ കോട്ടയം ജനറല്‍ ആശുപത്രിയിലുമാണ് ഐസൊലേഷനില്‍ കഴിയുന്നത്. സൗദിയില്‍നിന്നെത്തിയ സ്ത്രീയുടെ അമ്മയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ഹൃദ്രോഗത്തിന് ചികിത്സയിലിരിക്കെ ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് അതേ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡിലാക്കിയത്. ഒമാനില്‍നിന്നെത്തിയ മധ്യവയസ്കയെയും ശ്വാസതടസം അനുഭവപ്പെട്ട സാഹചര്യത്തിലാണ് നിരീക്ഷണത്തില്‍ പാര്‍പ്പിച്ചത്.

മാര്‍ച്ച് എട്ടു മുതല്‍ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന മധ്യവയസ്കനെ സാമ്പിള്‍ പരിശോധനയില്‍ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഐസൊലേഷനില്‍നിന്ന് ഒഴിവാക്കി. വിവിധ രാജ്യങ്ങളില്‍നിന്നെത്തിയ എട്ടു പേര്‍ക്കു കൂടി ആരോഗ്യ വകുപ്പ് ഇന്നലെ ഹോം ക്വാറന്‍റയിന്‍ നിര്‍ദേശിച്ചു. ഇതോടെ ജില്ലയില്‍ വീടുകളില്‍ ജനസമ്പര്‍ക്കമില്ലാതെ കഴിയുന്നവരുടെ എണ്ണം 91 ആയി.

അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അനില്‍ ഉമ്മന്‍റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി. കോട്ടയം മെഡിക്കല്‍ കോളേജില്‍ കഴിയുന്നവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ബന്ധുക്കളെയും അയല്‍വാസികളെയും ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കിവരികയാണ്.

യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാര്‍, സാംക്രിമിക രോഗ ചകിത്സാ വിഭാഗം മേധാവി ഡോ. സജിത്കുമാര്‍, കമ്യൂണിറ്റി മെഡിസിന്‍ മേധാവി ഡോ. ശോഭ തുടങ്ങിയവര്‍ പങ്കെടുത്തു.

പരിഭ്രാന്തരാകേണ്ട; ജാഗ്രത മതി

വൈറസ് ബാധയുമായി ബന്ധപ്പെട്ട വ്യജ പ്രചാരണങ്ങളില്‍ ജനം പരിഭ്രാന്തരാകേണ്ടതില്ലെന്നും രോഗത്തിനെതിരെ ജാഗ്രത പുലര്‍ത്തുകയാണ് വേണ്ടതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

Exit mobile version