ഇന്ന് ലോക വനിതാദിനം; അവഹേളനത്തിന്റെ ഇരുട്ടില്‍ ആണ്ടുകിടന്ന സ്ത്രീ സമൂഹത്തിനെ ഉയർച്ചയിൽ എത്തിച്ച ഈ അവകാശ പ്രഖ്യാപന ദിനത്തെ കുറിച്ച് നേഴ്‌സും, കോട്ടയം മാങ്ങാനം സ്വദേശിയുമായ ക്രിസ് ഷിനു എഴുതുന്നു.

ഇന്ന് മാര്‍ച്ച് എട്ട്. സാര്‍വ ദേശീയ വനിതാദിനം. പോരാടി മുന്നേറാന്‍ തീരുമാനിച്ച സ്ത്രീ ചരിത്രത്തിന്റെ ഓര്‍മ്മയാണ് മാര്‍ച്ച് 8 എന്ന ചരിത്ര പ്രാധാന്യമുള്ള ദിനം പങ്ക് വയ്ക്കുന്നത്. അമേരിക്കയിലെ സ്ത്രീ തൊഴിലാളികളാണ് വേതന വര്‍ധനവിന് വേണ്ടിയും, വോട്ടവകാശത്തിനു വേണ്ടിയും ന്യൂയോര്‍ക്ക് നഗരത്തിലൂടെ 1908 മാര്‍ച്ച് എട്ടിന് പ്രതിക്ഷേധ പ്രകടനം നടത്തിയത്. “ബ്രെഡ്‌ ആന്റ് റോസസ്” ഇതായിരുന്നു അവരുടെ മുദ്രാവാക്യം. സാമ്പത്തിക സുരക്ഷിതത്വവും, ജീവിത പ്രതീക്ഷയുടെയും പ്രതീകമായിരുന്നു ഈ മുദ്രാവാക്യങ്ങള്‍.

ആവശ്യം ഉന്നയിച്ചു പിറ്റേ വര്‍ഷവും അവര്‍ പ്രതിക്ഷേധ പ്രകടനം നടത്തി. 35000 നു മുകളിൽ തൊഴിലാളി സ്ത്രീകള്‍ ഇതേ ആവശ്യത്തിന്റെ പേരില്‍ സമരവും തുടങ്ങി. ആ പോരാട്ടം ഇന്ത്യയുൾപ്പെടെയുള്ള ലോക രാജ്യങ്ങളിലെ വനിതാ തൊഴിലാളികള്‍ ഇന്നും തുടരുകയാണ്. 1910-ല്‍ കോപ്പന്‍ ഹേഗനില്‍ ചേര്‍ന്ന വനിതകളുടെ രണ്ടാം അന്താരാഷ്‌ട്ര സമ്മേളനം മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമാക്കി ആചരിക്കാന്‍ തീരുമാനിച്ചു.

സ്ത്രീ സമൂഹത്തിന്റെ അഭിമാന സംരക്ഷണാര്‍ത്ഥം രൂപീകരിക്കപ്പെട്ട ജനാധിപത്യ ഭരണഘടനയാണ് നമ്മുടേത്‌. ഒരേ സമയം സ്ത്രീക്കും പുരുഷനും തുല്യവകാശവും ഭരണഘടന ഉറപ്പ് നല്‍കുന്നു. ലിംഗാടിസ്ഥാനത്തിലുള്ള വിവേചനത്തിനു എതിരാണ് നമ്മുടെ ഭരണഘടന. തുല്യ ജോലിക്ക് തുല്യ വേതനം, സ്ത്രീ സംരക്ഷണ നിയമങ്ങള്‍ എന്നിവയെല്ലാം ഭരണഘടന ഉറപ്പ് വരുത്തുന്നു. എന്നാല്‍ ഭരണഘടന തുല്യത വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും സ്ത്രീക്ക് ഇന്നും തന്റെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാട്ടം തുടരേണ്ടി വരുന്ന അവസ്ഥയാണ്.

വ്യക്തി നിയമങ്ങളില്‍ ഇന്നും സ്ത്രീക്ക് തുല്യ നീതി ലഭിക്കുന്നില്ല എന്നതില്‍ സുപ്രീം കോടതി പോലും ആശങ്ക രേഖപ്പെടുത്തുന്നു. പോരാട്ടങ്ങളിലൂടെ സ്ത്രീ നേടിയെടുത്ത നിയമങ്ങള്‍ പോലും ഇന്നും സ്ത്രീകള്‍ക്ക് നീതി നിഷേധിക്കുന്ന പരമ പ്രധാനമായ സാഹചര്യങ്ങളാണ് ലോക രാഷ്ട്രങ്ങളിൽ നില നിൽക്കുന്നത്. നിയമ പരിരക്ഷ ലഭിക്കാതെ സ്ത്രീ സുരക്ഷാ എന്നത് ഒരു സങ്കല്‍പ്പം പോലുമാകുന്നില്ല.

രാജ്യത്തെ വര്‍ഗീയ ശക്തികള്‍ ജനാധിപത്യത്തിന്റെ അര്‍ത്ഥവും വ്യാപ്തിയും പരിമിതപ്പെടുത്തുന്നു. ഈ സാഹചര്യത്തിലാണ് സ്ത്രീ-പുരുഷ തുല്യതയ്ക്ക് വേണ്ടി സ്ത്രീകള്‍ക്ക് പട നയിക്കേണ്ടി വരുന്നത്. നിലവില്‍ ലിംഗ സമത്വത്തെ ആഗോള വത്ക്കരണ നയങ്ങള്‍ സങ്കീര്‍ണ്ണമാക്കിയിരിക്കുകയാണ്. ഇത് ദാരിദ്ര്യത്തിന്റെ സ്ത്രീ വത്ക്കരണം, സ്ത്രീകളുടെ നേര്‍ക്കുള്ള മാനസിക-ശാരീരിക പീഡനങ്ങള്‍, സ്ത്രീകളുടെ അരക്ഷിതാവസ്ഥ എന്നിവ വര്‍ദ്ധിപ്പിച്ചിരിക്കുന്നു.

മാര്‍ച്ച് എട്ട് സ്ത്രീകളുടെ അവകാശപ്രഖ്യാപന ദിനമാണ്. അടിച്ചമര്‍ത്തപ്പെടുന്നവരുടെ മോചനത്തിനായി ലോകമെങ്ങും ഈ ദിനത്തില്‍ സ്ത്രീകള്‍ കൈകോര്‍ക്കുന്നു. 1908 ല്‍ അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ സൂചിനിര്‍മാണ ഫാക്ടറിയിലെ തൊഴിലാളികള്‍ നടത്തിയ അവകാശസമരത്തെ ഭരണാധികാരികള്‍ ക്രൂരമായി അടിച്ചമര്‍ത്തി.

ആ സമരത്തിന്റെ ഓര്‍മയ്ക്കായി അന്താരാഷ്ട്ര മഹിളാദിനം എന്ന രീതിയില്‍ മാര്‍ച്ച് എട്ട് ആചരിക്കാന്‍ ജര്‍മനിയിലെ കോപ്പന്‍ഹേഗനില്‍ ചേര്‍ന്ന സോഷ്യലിസ്റ്റ് മഹിളാ സമ്മേളനം തീരുമാനിച്ചു. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പോരാടുന്ന ഇന്ത്യയുടെ പ്രതിനിധിയായി ആ സമ്മേളനത്തില്‍ പങ്കെടുത്ത ‘മാഡം കാമ’ ഇന്ത്യന്‍ സ്വാതന്ത്യ്രത്തിന്റെ ത്രിവര്‍ണ പതാക വീശിക്കാണിച്ച്സ്ത്രീ വിമോചനത്തിന്റെ ലക്ഷ്യം പ്രകടിപ്പിച്ചു.

എന്നാല്‍, സാതന്ത്ര്യം നേടി വർഷങ്ങൾ പിന്നിടുമ്പോഴും ‘ഇന്ത്യന്‍ സ്ത്രീസമൂഹം അവഹേളനത്തിന്റെയും, അവജ്ഞയുടെയും വക്കിൽ ആണ്ടുകിടക്കുകയാണ് എന്ന് വിളിച്ചുപറയാന്‍ ഓരോ മഹിളാ ദിനത്തിലും കുറച്ചെങ്കിലും ഇന്ത്യക്കാരും തയാറാകുന്നു. എല്ലാ വര്‍ഷവും ആഘോഷിക്കുന്ന വനിതാ ദിനങ്ങള്‍ ഒരു തരത്തില്‍ അല്ലങ്കില്‍ മറ്റൊരു തലത്തില്‍ സ്ത്രീകളെ അവഹേളിക്കല്‍ ആണെന്ന് വിശ്വസിക്കുന്ന നിരവധി ആളുകള്‍ ഇപ്പോഴും സമൂഹത്തിന്റെ നാനാ തുറകളിൽ ഉണ്ട് . പക്ഷെ ഞാൻ ആ തരത്തിൽ ചിന്തിക്കാറില്ല.

എന്നാല്‍ വനിതാ ദിനം ആഘോഷിക്കുന്ന ഏതൊരാളും ആദ്യം ചെയ്യേണ്ടത് സ്ത്രീയെ ബഹുമാനിക്കുകയും ,അവള്‍ക്കു മാനസികമായ സംരക്ഷണവും നല്‍കുകയാണ് വേണ്ടത്.

ലോകത്തു പലരാജ്യങ്ങളിലും ലിംഗ സമത്വം നില നിക്കുമ്പോളും ജനാധിപത്യ രാജ്യമായ നമ്മുടെ ഇന്ത്യയില്‍ ആണ്‍ പെണ്‍ വിത്യാസം ഓരോ ദിവസം കഴിയും തോറും ശക്തമായി.

ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികസ്വാതന്ത്യ്രം, തൊഴില്‍മേഖലയിലെ പങ്കാളിത്തം, അധികാരത്തിന്റെ തുല്യത തുടങ്ങി എല്ലാ മേഖലയിലും സ്ത്രീകളെ അപേക്ഷിച്ചു ഇന്ത്യന്‍ സ്ത്രീകള്‍ എത്രയോ പിന്നിലാണ്. ഇന്ത്യന്‍ സ്ത്രീസമൂഹത്തിന്റെ മുന്നേറ്റം അളക്കേണ്ടത് സാമ്പത്തികവും സാമൂഹ്യവും കലാപരവും  രാഷ്ട്രീയവുമായ മേഖലകളില്‍ സ്ത്രീകള്‍ക്കുണ്ടായ മുന്നേറ്റം അടിസ്ഥാനമാക്കി വേണം.

പെണ്ണ് അൽപ്പമൊന്ന് മുന്നേറിയാൽ അടുക്കളയിൽ നിന്നും അരങ്ങത്തേയ്‌ക്കെന്നാണ് വിശേഷണം. അടുക്കള മോശവും അരങ്ങ് കേമവുമാണെന്നൊരു ധ്വനിയുമുണ്ടതിന്. എന്നാൽ ഗ്രഹഭരണം അത്രയ്ക്കു മോശമാണോ?, വീടിന്റെ വിളക്കാണ് സ്‌ത്രീ. ഓരോ വീടും ക്രമമായി മുന്നോട്ട് നയിക്കുന്നവളാണ് ഓരോ സ്ത്രീയും.

ഇന്ത്യയില്‍ മൊത്തം തൊഴില്‍പങ്കാളിത്തത്തിന്റെ കാര്യത്തില്‍ 23 ഇൽ താഴെയാണ് സ്ത്രീകളുടെ പങ്കാളിത്തം. കാര്‍ഷികമേഖലയിലായിരുന്നു സ്ത്രീകളുടെ തൊഴില്‍പങ്കാളിത്തം കൂടുതല്‍. ഈ മേഖലയില്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന തകര്‍ച്ച സ്ത്രീകളെ കൂട്ടത്തോടെ തൊഴില്‍ രഹിതരുടെ ഇടയിലേക്ക് തള്ളുന്നു.

പട്ടിണിമരണങ്ങളിലും ആത്മഹത്യകളിലും സ്ത്രീകളുടെ എണ്ണം വര്‍ധിച്ചുവരുന്നതിന് ഇതൊരു കാരണമാണ്. കൂലിയും വളരെ തുച്ഛമാണ്. തുണിശാലകളിലും മറ്റും ജോലിചെയ്യുന്ന സ്ത്രീകള്‍ക്ക് മണിക്കൂറുകളോളം നിന്ന് ജോലി ചെയ്യേണ്ടി വരുന്നു. ടോയ്‌ലറ്റുകളോ ശിശുസംരക്ഷണകേന്ദ്രങ്ങളോ ഇല്ലാത്തതിന്റെ പ്രയാസം വേറെ.ഇതൊക്കെ അടിസ്ഥാന പ്രശ്‌നങ്ങള്‍ ആണ് പക്ഷെ കാലം ഇന്ത്യന്‍ സ്ത്രീകള്‍ക്ക് വലിയ അകല്‍ച്ച സമ്മാനിച്ചു.അതിനു സ്ത്രീകള്‍ ഉള്‍പ്പെടുന്ന നമ്മുടെ സമൂഹത്തിനാണ് മുഖ്യ പങ്ക്

സ്ത്രീ സുരക്ഷയുടെ കുറവുള്ള ഉത്തരേന്ത്യൻ ഗ്രാമങ്ങൾ ഉൾപ്പെടെയുള്ള ഇന്ത്യ മഹാരാജ്യം വീണ്ടുമൊരു  വനിതാദിനം ആഘോഷിക്കുകയാണ്. ഒരു ദിവസത്തിന്റെ ആയുസുമാത്രമുള്ള ചര്‍ച്ചകള്‍ ചിന്തകള്‍, മാത്രമാണ് വനിതാ ദിനത്തിന്റെ പ്രത്യേകത. അതിനപ്പുറത്തേക്ക് സ്ത്രീകളെക്കുറിച്ച്, അവള്‍ക്കുവേണ്ട സുരക്ഷയൊരുക്കാനൊ വേണ്ട ചര്‍ച്ചകളോ വനിത ദിനത്തില്‍ നടക്കുന്നില്ലെന്നാണ് യാഥാര്‍ത്ഥ്യം. സത്യമല്ലേ?

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ദിവസവും പെരുകുകയാണ് എന്നാണ് ദിവസവും
ഉള്ള വാര്‍ത്തകള്‍ നമ്മെ പഠിപ്പിക്കുന്നത്.  ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ പെണ്‍കുട്ടികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുന്നത് നിത്യസംഭവമാണ്. മുഖമില്ലാതെ, ശബ്ദമില്ലാതെ പീഡനങ്ങള്‍ ഏറ്റുവാങ്ങുന്ന ശരീരം മാത്രമായി ഇന്ത്യന്‍ സ്ത്രീകള്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും എരിഞ്ഞൊടുങ്ങുന്നു. ശൈശവവിവാഹങ്ങള്‍, പട്ടിക്കല്യാണങ്ങള്‍, പെണ്‍കുട്ടികളെ അടിമകളായി സങ്കല്‍പ്പിച്ച് വില്‍ക്കുന്ന ആചാരങ്ങള്‍ എന്നിവ യഥേഷ്ടം തുടരുന്നില്ലേ?

വളരെ വിദ്യാഭ്യാസമുള്ള കേരളീയ സമൂഹത്തിലും ഇത് തന്നെ. പെണ്ണിനെ ‘ഇര’ ആയി സങ്കല്‍പ്പിക്കുന്ന സമൂഹം വേറെ എവിടെ ഉണ്ട് ? മലയാളി എവിടെ ചെന്നാലും
അങ്ങനെ തന്നെ എന്നാണ് അനുഭവവും ,നമ്മുടെ സമൂഹവും എന്നെ പഠിപ്പിച്ചത് .

പുരുഷന്മാര്‍ ജോലിക്കു പോകുകയും സ്ത്രീകള്‍ ഭക്ഷണം ഉണ്ടാക്കി, കുട്ടികളെയും
വളര്‍ത്തി വീട്ടിലെ കാര്യങ്ങള്‍ നോക്കി കഴിഞ്ഞിരുന്ന ഒരു കാലം ഉണ്ടായിരുന്നു. നമ്മുടെ മലയാളി കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് . പിന്നീട് പെണ്‍കുട്ടികള്‍ ജോലിക്കു പോയി ത്തുടങ്ങിയതിനു തക്കതായ കാരണങ്ങള്‍ ഉണ്ടായിരുന്നു . അവര് എല്ലാ മേഖലകളിലും പ്രാവീണ്യം തെളിയിച്ചിട്ടും നമ്മുടെ ചിന്തകള്‍ മാറിയില്ല. സ്ത്രീകള്‍ എന്നും ഒരു പടി പിന്നില്‍ നിന്നാല്‍ മതി എന്ന് സമൂഹം ശഠിക്കുന്ന പോലെ. അതുകൊണ്ട് ഇവിടുത്തെ പല പ്രശ്‌നങ്ങള്‍ക്കും കാരണം നാം ഉള്‍പ്പെടുന്ന സമൂഹം തന്നെയാണ് എന്ന് തോന്നിയിട്ടുണ്ട്.

വെറും ആഘോഷമായി മാത്രം കാണാതെ ഈ ദിവസത്തിന്റെ ചരിത്രത്തെക്കുറിച്ച് ഓർമ്മിക്കുക എന്ന ഉത്തരവാദിത്വം നമുക്കുണ്ട്. സ്വന്തം തൊഴിലിടത്തെ സൗകര്യങ്ങളും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകള്‍ നടത്തിയ മുന്നേറ്റത്തിന്റെ വിപ്ലവ ചരിത്രമുണ്ട് ഈ ദിനത്തിനെന്നത് പലര്‍ക്കും അന്യമാണ്.

ഒരിക്കല്‍ ഒരു പെണ്‍കുട്ടി ഭംഗിയുള്ള കുപ്പിവളകളുമായി വീട്ടില്‍ വന്നപ്പോള്‍ അപ്പന്‍ ദേഷ്യത്തില്‍ മുഴുവന്‍ പൊട്ടിച്ചുകളഞ്ഞു, എന്നിട്ടു പറഞ്ഞു നിനക്ക് യോഗമുണ്ടെങ്കില്‍ സ്വര്‍ണ്ണവളകള്‍ ഇട്ടാല്‍ മതിയെന്ന്. എവിടെയാണ് ഈ സ്വര്‍ണ്ണവളകള്‍ കിട്ടുക എന്നതായി പിന്നേ ആലോചന. അതിനു ഗള്‍ഫില്‍ പോകണം എന്ന് ആരോ പറഞ്ഞു. കൈനിറയെ സ്വര്‍ണ്ണവളകള്‍ ഇടണം എന്ന ഒരു കോഴഞ്ചേരിക്കാരി പെണ്‍കുട്ടിയുടെ ആഗ്രഹം അവളെ നേഴ്‌സ് ആയി കുവൈറ്റില്‍ എത്തിച്ചു. ആ പെണ്‍കുട്ടി ആഗ്രഹിച്ചത് നേടാന്‍ കാണിച്ച ധൈര്യം ഓര്‍ക്കുമ്പോള്‍ എനിക്ക് ഒരുപാടു അഭിമാനമുണ്ട്.

ജോലി, സീരിയല്‍ പിന്നേ സമയം കിട്ടുമ്പോള്‍ ഫോണിലൂടെ പരദൂഷണം ഇതാവരുത്
ജീവിതം. ചിന്തകളില്‍ ഉള്ള നെഗറ്റിവിറ്റി വാക്കുകളിലും പ്രവര്‍ത്തികളിലേക്കും പടരുമ്പോള്‍ അത് മനസിനെയും ശരീരത്തെയും ബാധിക്കും. വേറൊരു സ്ത്രീയുടെ കഴിവുകളെ അഭിനന്ദിക്കാനും അവളെപ്പറ്റി നല്ലതു പറയാനും സാധിക്കണമെങ്കില്‍ ആത്മവിശ്വാസം ഉണ്ടാവണം. മറ്റു സ്ത്രീകളെ അവരുടെ പ്രയാസങ്ങളില്‍ നിന്നും കൈപിടിച്ചു ഉയര്‍ത്താന്‍ നമ്മള്‍ക്ക് കഴിയണം.

സ്‌നേഹിക്കാനും, സ്‌നേഹിക്കപ്പെടാനും ഉള്ളതാണ് ഈ ചെറിയ ജീവിതം. ആഗ്രഹങ്ങള്‍
സഭലീകരിക്കാനും സന്തോഷിക്കാനും സ്ത്രീക്കും പുരുഷനും തുല്യാവകാശമുണ്ട് .
പറഞ്ഞു പഠിപ്പിച്ചതില്‍നിന്നു വേറിട്ട് ചിന്തിക്കാന്‍ നമ്മള്‍ ബുദ്ധിമുട്ടുന്നതിന്റെ കാരണം വര്ഷങ്ങളായി ഉള്ള ബ്രെയിന്‍ വാഷിംഗും കണ്ടീഷനിങ്ങും കാരണമാണ് . ചോദ്യങ്ങള്‍ ചോദിക്കാനോ ശരിയും തെറ്റും തിരിച്ചറിയാനോ പലരും തയാറാകുന്നില്ല.

വര്‍ധിച്ചുവരുന്ന പീഡനങ്ങളും സ്ത്രീകളോടുള്ള അപമര്യാദയായുള്ള പെരുമാറ്റവും സമൂഹത്തിന്റെ അധഃപതനത്തെയാണ് സൂചിപ്പിക്കുന്നത് .ഇത് വിദ്യാഭ്യാസത്തിന്റെയോ കുടുംബമഹിമയുടെയോ ഒന്നും കുറവല്ല പുരുഷന്റെ വൈകല്യമായി ഈ പ്രവര്‍ത്തികള്‍ സമൂഹം അംഗീകരിച്ചുകൊടുക്കുന്നതിന്റെ കുഴപ്പമാണ്.

(ലേഖിക ക്രിസ് ഷിനു മാതാപിതാക്കൾക്കൊപ്പം )

സ്ത്രീ ഒന്നുറക്കെ സംസാരിച്ചാല്‍ അപകര്‍ഷത നിറഞ്ഞ കുറച്ചാളുകള്‍ അവളെ
വിമര്‍ശിക്കാനുണ്ടാകും .അതില്‍ ചില സ്ത്രീകളും പെട്ടു പോകുന്നു. സത്യത്തിനും ന്യായത്തിനുമുള്ള മാറ്റങ്ങള്‍ക്കു വേണ്ടി നില്ക്കാന്‍ ഒരുപാടു പേരൊന്നും വേണ്ട, നമുക്ക് ധൈര്യം വേണം പിന്നേ നല്ലവരായ മനുഷ്യര്‍ കൂടെ ഉണ്ടാവും എന്ന വിശ്വാസവും. ഇതുതന്നെയാണ് എല്ലാ വനിതാദിനങ്ങളും എന്നെ ഓര്‍മ്മിപ്പിക്കുന്നത് .

പെണ്‍കുട്ടികള്‍… അവള്‍ക്കുകൂടെ അവകാശപ്പെട്ടതാണ് ഈ ഭൂമി… എന്നിട്ടും
വിലക്കുകള്‍ കല്പിച്ചു വീട്ടിലും, സമൂഹത്തിലും സ്ത്രീകളെ അടിമ എന്ന രീതിയിൽ കാണുന്ന കഴുകൻ കണ്ണുകൾ ഇപ്പോഴും ഉണ്ടെന്നു ഏറെക്കുറെ വ്യക്തമാണ് !! മാറ്റങ്ങള്‍ അനിവാര്യതയാണ് അതില്‍ ഞാന്‍ വിശ്വസിക്കുന്നു .

അവകാശങ്ങൾ തിരിച്ചറിഞ്ഞ് തുല്യരാവാനാണ് ഇത്തവണത്തെ വനിതാ ദിനം ലോകത്തോട് വിളിച്ചുപറയുന്നത്. ലോകത്തിന്റെ വളർച്ചയിൽ തോളോട് തോൾ ചേർന്ന് നിൽക്കാൻ പ്രാപ്തയാണെന്ന് ഒാരോ സ്ത്രീയും പ്രഖ്യാപിക്കുക കൂടിയാണ് ഈ വനിതാ ദിനത്തിൽ.

കഴിഞ്ഞ ലോക വനിതാ ദിനത്തിന് ശേഷം കേരളത്തില്‍ ശ്രദ്ധേയരായ നിരവധി വനിതകളുണ്ട്. വിവിധ പ്രവര്‍ത്തന മണ്ഡലങ്ങളിലൂള്ള അവര്‍ കേരള സമൂഹത്തെതന്നെ പുനര്‍നിര്‍മ്മിക്കാന്‍ പോന്ന ഇടപെടലുകള്‍ നടത്തി. പോയ വര്‍ഷം കേരളം ചില കാര്യങ്ങളിലെങ്കിലും മാറിച്ചിന്തിക്കാന്‍ തുടങ്ങിയത് ഇവരുടെ ചിറകിലേറിക്കൂടിയാണ്. 

തുല്യതക്കായി ഓരോരുത്തരും എന്നതാണ് ഇത്തവണത്തെ ആശയം. തുല്യതക്കായുള്ള പോരാട്ടത്തിന് വ്യത്യസ്തമായ ദിശ നൽകാനാണ് ഓരോ സ്ത്രീയും ശ്രമിക്കേണ്ടത്. ഓരോ വനിതയ്ക്കും ലോകത്തെ പ്രചോദിപ്പിക്കാനാവട്ടെ എന്ന് പരസ്പരം നമുക്കെല്ലാവർക്കും ആശംസിക്കാം.

(ലേഖിക കോട്ടയം മാങ്ങാനം കക്കത്തുംകുഴിയിൽ സി റ്റി തോമസിന്റെയും, ഏലിയാമ്മ തോമസിന്റെയും മകളും, പാലക്കാട് സ്വദേശി ഷിനു മാത്യുവിന്റെ ഭാര്യയുമാണ്. പ്രാർത്ഥന, ആരാധന എന്നിവർ കുട്ടികളാണ്. കഞ്ഞിക്കുഴി മൗണ്ട് കാർമൽ സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി, കോട്ടയം ബസേലിയസ് കോളേജിൽ നിന്നും ബിരുദം നേടി. ഇപ്പോൾ നേഴ്‌സിങ് പഠനം പാസ്സായി ഓസ്‌ട്രേലിയയിൽ ജോലി ചെയ്തു വരുന്നു.)

 

Exit mobile version