വാഹനാപകടത്തെ തുടർന്ന് ഇരുട്ടിൽ മുങ്ങി തപ്പി കഞ്ഞിക്കുഴി; 7 മണിയോടെ കടകൾ ഭൂരിഭാഗവും അടച്ചു; മാങ്ങാനം പുതുപ്പള്ളി മുട്ടമ്പലം കൊല്ലാട് ഭാഗങ്ങളിൽ താറുമാറാറായി കേബിൾ, ഇന്റര്നെറ് ശൃംഖല

കഞ്ഞിക്കുഴി: കഞ്ഞിക്കുഴിയിൽ നടന്ന വാഹന അപകടത്തിൽ 11 കെ വി ലൈൻ ഉൾപ്പെടെ പൊട്ടി വീണത് സമീപ പ്രദേശങ്ങളെ ഇരുട്ടിൽ വീഴ്ത്തി. രാത്രിയിലും വൈദ്യുതി, കേബിൾ,ഇന്റർനെറ്റ് ശൃംഖല പുനഃസ്ഥാപിക്കാൻ ശ്രെമം നടക്കുകയാണ്. രാപകലില്ലാതെ കെ എസ ഇ ബി ഉദ്യോഗസ്ഥർ വൈദ്യുതിക്ക് വേണ്ടി കിണഞ്ഞു പരിശ്രെമിക്കുകയാണ്.

കടകളിൽ വൈദ്യുതി ഇല്ലാതെ വന്നതോടെ വ്യാപാരികളിൽ ഭൂരിഭാഗവും നേരത്തെ തന്നെ കടയടച്ച് വീടുകളിലേക്ക് പോയിരുന്നു. ഇന്റര്നെറ് കേബിൾ ശൃംഖല തകരാറിലായതോടെ മാങ്ങാനം, പുതുപ്പള്ളി, മുട്ടമ്പലം, കൊല്ലാട് ഭാഗങ്ങളിൽ ടെലിവിഷൻ സംപ്രേഷണവും നിലച്ചിരുന്നു.

കഞ്ഞിക്കുഴിയിൽ മണർകാട് ഭാഗത്തു നിന്നും മണൽ കയറ്റി പുതുപ്പള്ളിയിലേക്ക് കയറി വന്ന സ്വകാര്യ കമ്പനിയുടെ ടോറസ് ലോറിയുടെ മുകൾ ഭാഗം വൈദ്യുതപോസ്റ്റിൽ ഉടക്കുകയായിരുന്നു.

പോസ്റ്റുമായി ലോറി മുന്നോട്ടു നീങ്ങിയതും, വൻ ശബ്ദത്തോടെ വൈദ്യുത കമ്പികൾ പൊട്ടി വീഴുകയായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. സ്‌കൂൾ അവധിയായതിനാലും, സമയം ഉച്ചയോടു അടുത്തതിനാലും വൻ ദുരന്തം വഴിമാറുകയായിരുന്നു . കഞ്ഞിക്കുഴി മൗണ്ട് കാർമൽ സ്‌കൂൾ കുട്ടികൾ ബസ് കാത്തു കൂടി നിൽക്കുന്ന സ്ഥലമാണ് ഇത്.

പുതുപ്പള്ളിയിലേക്ക് ബസ് കാത്തുനിൽക്കുന്നവരുടെ സമീപത്തേക്കും വൈദ്യുത ലൈൻ പൊട്ടി വീണു. വൈദ്യുത ലൈൻ തനിയെ ഓഫായതിനാൽ വൻ അപകടം ഒഴിവായി. അപകടത്തിൽ ആർക്കും പരുക്കില്ല.

കെ എസ ഇ ബി ഉദ്യോഗസ്ഥരും, കോട്ടയത്ത് നിന്നെത്തിയ അഗ്നി ശമന സേനയും, കോട്ടയം ഈസ്റ്റ് പോലീസും മണിക്കൂറുകളോളം പരിശ്രമിച്ചാണ് വൈദ്യുത പോസ്റ്റും, പോസ്റ്റിനോടൊപ്പമുള്ള ലോറിയും മാറ്റിയത്.

അപകടം നടന്നതോടു കൂടി കഞ്ഞിക്കുഴിയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. പുതുപ്പള്ളിയിൽ നിന്നും വന്ന സ്വകാര്യ ബസുകൾ പലതും മാങ്ങാനം കുരിശിനു സമീപത്തു സർവീസ് അവസാനിപ്പിക്കുകയായിരുന്നു. ഇത് പുതുപ്പള്ളി ഭാഗത്തു നിന്നെത്തിയ യാത്രക്കാരെ ശരിക്കും വലച്ചു.

കോട്ടയത്തേക്ക് പോകേണ്ട ബസ് യാത്രക്കാർ ഇവിടെ നിന്നും കാൽനടയായി യാത്ര ചെയ്യുകയും ചെയ്തു. പോസ്റ്റ് മാറ്റിയതോടുകൂടി കഞ്ഞിക്കുഴിയിൽ ഗതാഗതം പുനഃസ്ഥാപിച്ചു . കഞ്ഞിക്കുഴിയിൽ നിന്നും വന്ന ക്രെയിനിന്റെ സഹായത്താലാണ് പോസ്റ്റ് വലിച്ച് മാറ്റിയത്.

Exit mobile version