പൊന്നുവിനെ കാണാമെന്ന പ്രതീക്ഷയോടെ ജോലി പോലും ഉപേക്ഷിച്ച് പറന്നെത്തി അച്ഛന്‍ പ്രദീപ് ; ബന്ധുക്കൾ കൂട്ടികൊണ്ടു പോയത് മൃതദേഹത്തിനടുത്തേക്ക്; നിശ്ചല പിഞ്ചു ശരീരം കണ്ടതും അലമുറയിട്ട് കരഞ്ഞ പിതാവിനെ ചേർത്ത് നിർത്തി ബന്ധുക്കളും നാട്ടുകാരും;

കൊല്ലം : കൊല്ലം പള്ളിമൺ ഇളവൂരിൽ നിന്ന് കാണാതായ ആറ് വയസുകാരി ദേവനന്ദയെ കാണാന്‍ അച്ഛന്‍ പ്രദീപ് എത്തി. വിദേശത്തായിരുന്ന പ്രദീപ് ഇന്ന് രാവിലെയാണ് നാട്ടില്‍ എത്തിയത്. കുട്ടിയെ കാണാതായ വിവരം പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് പ്രദീപ് നാട്ടിലേക്ക് ഇന്നലെ തിരിക്കുകയായിരുന്നു.

മകളുടെ മരണവാര്‍ത്തയറിഞ്ഞ പ്രദീപിനെ നാട്ടുകാര്‍ ചേര്‍ത്ത്പിടിച്ചുകൊണ്ട് മൃതദേഹത്തിന് അരികിലേക്ക് എത്തിക്കുകയായിരുന്നു. കാണാതായ ആറ് വയസുകാരി ദേവനന്ദയുടെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്.

കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ഇത്തിക്കരയാറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മുങ്ങൽ വിദഗ്ധരാണ് ആറ്റിൽ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാതായ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളാണ് പുഴയില്‍ നിന്ന് ലഭിച്ച മൃതദേഹത്തിലുള്ളത്. കമഴ്ന്ന് കിടക്കുന്ന രീതിയിലായിരുന്നു കുട്ടിയുടെ മൃതദേഹം .

കൊല്ലം പള്ളിമൺ ഇളവൂരിൽ നിന്ന് കാണാതായ ഏഴുവയസുകാരി ദേവനന്ദയുടെ മൃതദേഹം ആറ്റിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും പറയുന്നു. കുട്ടിയുടെ വീട്ടിൽ നിന്നും ഇരുന്നൂറോളം മീറ്റർ ദൂരത്തുള്ള ആറ്റിലേക്ക് കുട്ടി തനിച്ച് ഇവിടെ വരില്ല എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം ആവശ്യമാണന്നും നാട്ടുകാർ പറഞ്ഞു.

സംഭവത്തിൽ എല്ലാ വശങ്ങളും അന്വേഷിക്കുമെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ പ്രതികരിച്ചു. ദുരൂഹതയുണ്ടെന്ന ആരോപണങ്ങളും പരിശോധിക്കുമെന്ന് പൊലീസ് കമ്മീഷണർ ടി നാരായണൻ പറഞ്ഞു. എന്നാൽ, ദുരൂഹത ആരോപിക്കാൻ ഇപ്പോൾ കഴിയില്ലെന്ന് ജില്ലാ കളക്ടർ ബി അബ്ദുൾ നാസർ പറഞ്ഞു. സംഭവത്തിൽ പഴുതടച്ച അന്വേഷണം ഉണ്ടാകുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

 

Exit mobile version