പുതുപ്പള്ളിയിൽ ഗ്യാസ് ഏജൻസിയുടെ ഉരുണ്ടുകളി ? 24 മണിക്കൂറിനു മുൻപ് ബുക്ക് ചെയ്തവരെ കൊണ്ട് പാചകവാതകം വീണ്ടും ബുക്ക് ചെയ്യിക്കുന്നതായി വ്യാപക പരാതി; 24 മണിക്കൂറിനുള്ളിൽ പാചക വാതകം ബുക്ക് ചെയ്തില്ലെങ്കിൽ ലഭിക്കില്ല എന്നുള്ള പ്രചാരണം അടിസ്ഥാനരഹിതം; ഗ്യാസ് ഡെലിവറിക്ക് 7 ദിവസം സമയം ഉണ്ടെന്നു ഇന്ത്യൻ ഓയിൽ കോർപറേഷൻ;

പുതുപ്പള്ളി: പുതുപ്പള്ളിയിലെ സ്വകാര്യ ഗ്യാസ് ഏജൻസിയുടെ കീഴിലുള്ള ഡെലിവറി ഡ്രൈവർമാർ 24 മണിക്കൂറിനു മുൻപ് പാചകവാതകം ബുക്ക് ചെയ്തവരെ കൊണ്ട് വീണ്ടും ബുക്ക് ചെയ്യിക്കുന്നതായി വ്യാപക പരാതി. കഴിഞ്ഞ ദിവസം പുതുപ്പള്ളിയുടെ സമീപ പ്രദേശത്തു ഗ്യാസ് ഡെലിവറി നടത്തിയ സ്വകാര്യ ഗ്യാസ് ഏജൻസിയിലെ ചില ഡ്രൈവർമാർ ആണ് ഉപഭോക്താക്കളെ കൊണ്ട് വീണ്ടും ബുക്ക് ചെയ്യിക്കുവാൻ ശ്രെമിച്ചത്.

24 മണിക്കൂറിനുള്ളിൽ ബുക്ക് ചെയ്ത ഗ്യാസ് മാത്രമേ കൊടുക്കുകയുള്ളൂ എന്നാണ് ഗ്യാസ് ഏജൻസി ഡ്രൈവർമാർ പറയുന്നത്. ഇപ്രകാരം എത്തിയവരെകൊണ്ട് വീണ്ടും ബുക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും വ്യാപക പരാതിയുണ്ട്.

ഇതനുസരിച്ച് പുതുപ്പള്ളിയിലെ ഏജൻസിയിൽ വിളിച്ച് അന്യോഷിച്ചപ്പോൾ, ഗ്യാസ് ബുക്കിംഗ് 5 ദിവസം വരെ കിടക്കുമെന്നു മറുപടി ലഭിച്ചു. 24 മണിക്കൂർ കഴിഞ്ഞാൽ ബില്ലിംഗ് ക്യാൻസൽ ആകുവാൻ സാധ്യത ഉണ്ടന്നും മറുപടിയിൽ പറയുന്നു.

ഗ്യാസ് ബുക്ക് ചെയ്തു 24 മണിക്കൂറിനകം ഡെലിവറി നടത്തിയില്ലെങ്കിൽ ഏജൻസിയുടെ സ്റ്റാർ റേറ്റിംഗ് കുറയുമെന്നും അതിനാൽ തങ്ങൾ എല്ലാവരെയും 24 മണിക്കൂറിനുള്ളിൽ ബുക്ക് ചെയ്തു ഡെലിവറി നടത്തുന്ന സിസ്റ്റത്തിലേക്ക് പ്രോത്സാഹിപ്പിക്കുകയാണെന്നുമാണ് ഏജൻസിയുടെ സ്റ്റാഫ് ഞങ്ങളോട് പറഞ്ഞത്.

എന്നാൽ ഗ്യാസ് ബുക്ക് ചെയ്‌താൽ 7 പ്രവൃത്തി ദിവസം വരെ ബുക്കിംഗ് നിലവിലുണ്ടാകും എന്നാണ് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചപ്പോൾ മറുപടി ലഭിച്ചത്. 5 ദിവസത്തിനുള്ളിൽ ഡെലിവറി നടത്തണമെന്നുള്ള ഓർഡർ ഒന്നുമില്ലന്നാണ് ഇന്ത്യൻ ഓയിൽ അധികൃതർ പ്രതികരിച്ചത്.

ബുക്ക് ചെയ്‌താൽ ഗ്യാസ് സിലിണ്ടർ വീടുകളിൽ 7 ദിവസത്തിനകം എത്തിച്ച് നൽകേണ്ടത് ഗ്യാസ് ഏജൻസിയുടെ കടമയാണ്. അതിൽ വീഴ്ച വന്നാൽ ഉപഭോക്താക്കൾ ഉത്തരവാദിയല്ല എന്ന കാര്യവും ഇവിടെ പ്രസക്തമാണ്.

കമ്പനി പറഞ്ഞിരിക്കുന്ന സമയത്തിനുള്ളിൽ ഡെലിവറി നടത്തിയില്ലെങ്കിൽ ഏജൻസിയുടെ സ്റ്റാർ റേറ്റിംഗിൽ കുറവ് വരും എന്ന കാര്യവും ഏജൻസി പറയുന്നുണ്ട്. എന്നാൽ തങ്ങളുടേതല്ലാത്ത കുറ്റത്തിന് ബുക്ക് ചെയ്തവർ വീണ്ടും വീണ്ടും എന്തിനു ബുക്ക് ചെയ്യണം എന്ന ചോദ്യമാണ് ഉപഭോക്താക്കൾ ഉന്നയിക്കുന്നത്.

ഡെലിവറി ഡ്രൈവർമാർ പറയുന്നത് പ്രകാരം ഇത്തരത്തിൽ വീണ്ടും വീണ്ടും ബുക്ക് ചെയ്‌താൽ വർഷത്തിൽ സബ്‌സിഡി ലഭിക്കേണ്ട സിലിണ്ടറുകളുടെ എണ്ണം കൂടുവാൻ സാധ്യതയുണ്ടോ എന്നുള്ള കാര്യങ്ങളും പരിശോധിക്കേണ്ടതുണ്ട്. എന്തായാലും ബുക്ക് ചെയ്‌താൽ 7 പ്രവർത്തി ദിവസത്തിനുള്ളിൽ ഗ്യാസ് എടുക്കാമെന്നാണ് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ കസ്റ്റമർ പോർട്ടലിൽ നിന്നും ഞങ്ങൾക്ക് മറുപടി ലഭിച്ചത്.

ഇന്ത്യൻ ഓയിൽ കോർപറേഷൻ കസ്റ്റമർ സർവീസ് വിഭാഗത്തിൽ നിന്നും ലഭിച്ച മറുപടി

Exit mobile version