തൃശൂർ: എട്ടുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിൽ ദൈവം തന്ന കൺമണിയെ കാണുവാൻ സാധിക്കാതെ ശിവകുമാര്‍ യാത്രയായത് ഒരു നാടിന്റെ തീരാക്കണ്ണീരായി മാറുന്നു. ബംഗളൂരുവിൽ സോഫ്റ്റ് വെയർ കമ്പനിയിലെ ജീവനക്കാരനായ ശിവകുമാർ (35) യാത്രയായത് ആദ്യത്തെ കണ്മണിയെ കാണാൻ കാത്തുനിൽക്കാതെയാണെന്നുള്ള നഗ്ന സത്യം ഏവരെയും കേരളലിയിപ്പിക്കും.
പൂരം കാണാനും, ഗർഭിണിയായ ഭാര്യയോടൊപ്പം കുറച്ചുസമയം ചെലവഴിക്കാനുമാണ് ശിവകുമാർ ബംഗളൂരുവിൽനിന്നു യാത്രതിരിച്ചത്. ബംഗളൂരുവിൽ പത്തുവർഷത്തിലധികമായി സോഫ്റ്റ്വെയർ എൻജിനീയറായി ജോലിചെയ്യുന്ന ശിവകുമാർ, 9 വർഷം മുന്‍പാണ് തൃശൂർ സ്വദേശിയായ ശ്രുതിയെ വിവാഹം കഴിച്ചത്.
ഒരു കുഞ്ഞിക്കാൽ കാണാനുള്ള കാത്തിരിപ്പിലായിരുന്നു വർഷങ്ങളായി ഈ ദമ്പതികൾ… വഴിപാടുകളും പ്രാർത്ഥനയും ഒപ്പം ചികിത്സയുമായി ഒരു കണ്മണിക്കായുള്ള കാത്തിരിപ്പ് എട്ടുവർഷം നീണ്ടു. ഒടുവിൽ എട്ടുമാസം മുന്‍പാണ് കുടുംബത്തെ ആഹ്ലാദത്തിലാക്കി ശ്രുതി ഗർഭിണിയായത്.
കഴിഞ്ഞ ജനുവരി 27ന് ഭാര്യയെ പ്രസവത്തിനു പറഞ്ഞയയ്ക്കുന്ന ചടങ്ങിനു ശിവകുമാർ എത്തിയിരുന്നു. മൃതദേഹം ഇന്നലെ വൈകീട്ട് വീട്ടിലെത്തിച്ചു. ഒറ്റപ്പാലം തഹസിൽദാർ എസ്.ബിജു, അഡീഷണൽ തഹസിൽദാർമാരായ ശ്രീനിവാസ്, ദാമോദർ, വില്ലേജ് ഓഫീസർമാർ എന്നിവർ ജില്ലാ കളക്ടറുടെ നിർദേശപ്രകാരം സർക്കാരിന്റെ പ്രതിനിധിയായി കാട്ടുകുളത്തെ വസതിയിലെത്തി.
അമ്മ:സത്യഭാമ. സഹോദരങ്ങൾ: കൃഷ്ണപ്രസാദ്, ഉദയകുമാർ. സംസ്കാര ചടങ്ങുകൾ ഇന്നു രാവിലെ 10ന് ഐവർമഠം ശ്മശാനത്തിൽ ആരംഭിക്കും.
