എംഎല്‍എ പദത്തില്‍ കെഎം മാണിയുടെ റെക്കോര്‍ഡ് ഭേദിച്ച് ഉമ്മന്‍ ചാണ്ടി; മുഖ്യമന്ത്രിമാരില്‍ നാലാം സ്ഥാനത്ത്

കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ കാലം അംഗമായയാള്‍ എന്ന റെക്കോര്‍ഡ് ഇനി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സ്വന്തം. 2022 ഓഗസ്റ്റ് 2 ആവുമ്പോള്‍ നിയമസഭയില്‍ 18728 ദിവസം തികച്ചിരിക്കുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്. നേരത്തെ കെ എം മാണിക്കായിരുന്നു ഈ റെക്കോര്‍ഡ്. അതേസമയം മന്ത്രിമാരില്‍ 10-ാം സ്ഥാനവും മുഖ്യമന്ത്രിമാരില്‍ നാലാം സ്ഥാനത്തുമാണ് ഉമ്മന്‍ചാണ്ടി.

1970 മുതല്‍ 2021 വരെ തുടര്‍ച്ചയായി 12 തവണ ഉമ്മന്‍ ചാണ്ടി നിയമസഭയിലേക്ക് വിജയിച്ചിട്ടുണ്ട്. രണ്ട് തവണ മുഖ്യമന്ത്രിയായും ഒരു തവണ പ്രതിപക്ഷ നേതാവായും നാല് തവണ മന്ത്രിയായും ചുമതലയേറ്റു. വിവിധ മന്ത്രിസഭകളിലായി തൊഴില്‍, ആഭ്യന്തരം, ധനകാര്യം എന്നീ വകുപ്പുകളാണ് കൈകാര്യം ചെയ്തത്.

സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ദിവസം മന്ത്രിയായത് കെ എം മാണി (8759) ആണ്. പിജെ ജോസഫ് (6105), ബേബി ജോണ്‍ (6061), കെ ആര്‍ ഗൗരിയമ്മ (5824), കെ കരുണാകരന്‍ (5254), കെ അവുക്കാദര്‍കുട്ടി നഹ (5108), ടിഎം ജേക്കബ് (5086), പി കെ കുഞ്ഞാലിക്കുട്ടി (4954), ആര്‍ ബാലകൃഷ്ണപിള്ള (4265) എന്നിങ്ങനെയാണ് ക്രമം.

ആകെയുള്ള 12 മുഖ്യമന്ത്രിമാരില്‍ ഉമ്മന്‍ ചാണ്ടിക്ക് (2459 ദിവസം) ചുമതല നിര്‍വഹിച്ച് നാലാം സ്ഥാനത്താണ്. ഇ കെ നായനാര്‍ (4009), കെ കരുണാകരന്‍ (3246), സി അച്യുതമേനോന്‍ (2640) എന്നിവരാണ് മുന്‍നിരയില്‍.

Exit mobile version