ഗവര്‍ണര്‍ക്കും മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വേണ്ടി വാങ്ങിച്ച ഔദ്യോഗിക വാഹനങ്ങളുടെ കണക്ക് വെളിപ്പെടുത്താതെ മുഖ്യമന്ത്രി. നിയമസഭയിലെ ചോദ്യത്തിന് വിശദാംശങ്ങള്‍ വ്യക്തമാക്കാതെ വിവരം ശേഖരിച്ചു വരുന്നുവെന്ന ഒറ്റ വരിയിലാണ് മുഖ്യമന്ത്രി മറുപടി ഒതുക്കുന്നത്.
മന്ത്രിമാര്‍, ഗവര്‍ണര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി ഈ സര്‍ക്കാരിന്റെ കാലത്ത് എത്ര ഔദ്യോഗിക വാഹനങ്ങള്‍ വാങ്ങി… ഇതിനായി എത്ര തുക ചെലവായി ഇനി വാഹനം വേണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടോ എന്നിങ്ങനെ മൂന്ന് ചോദ്യങ്ങളാണ് അനൂപ് ജേക്കബ് ഉന്നയിച്ചത്. അടുത്തിടെ മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കുമെല്ലാം വാഹനം വാങ്ങിയിട്ടും അതൊന്നും വ്യക്തമാക്കാന്‍ തയ്യാറാകാതെ വിവരം ശേഖരിച്ചു വരുന്നുവെന്ന് മാത്രമാണ് മുഖ്യമന്ത്രി ഇതിന് രേഖാമൂലം നല്‍കിയ മറുപടിയിലുള്ളത്.
നിയമസഭ മറുപടിയില്‍ കണക്കുകള്‍ വിശദീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ലെങ്കിലും ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഇറങ്ങിയ ഉത്തരവുകള്‍ പരിശോധിച്ചാല്‍ കണക്ക് വ്യക്തമാകും. അത് പ്രകാരം മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും മാത്രം 2.45 കോടി രൂപയാണ് ഔദ്യോഗിക വാഹനത്തിനായി ചെലവാക്കിയത്. മന്ത്രിമാര്‍ക്ക് 1.50 കോടിയും.
മുഖ്യമന്ത്രിക്കായി ഒരു കിയ കാര്‍ണിവലും മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ടിനായി 3 ഇന്നോവ ക്രിസ്റ്റയും വാങ്ങാനായി ധനവകുപ്പ് അനുവദിച്ചത് 88.69 ലക്ഷം രൂപ. ഗവര്‍ണര്‍ക്ക് ബെന്‍സ് വാങ്ങാന്‍ മാത്രം 85 ലക്ഷം രൂപയും ചിലവായി. കൂടാതെ ഡല്‍ഹിയില്‍ മുഖ്യമന്ത്രിയുടേയും ഗവര്‍ണറുടേയും ഉപയോഗത്തിന് 2 ഇന്നോവ ക്രിസ്റ്റ വാങ്ങാന്‍ 72 ലക്ഷം രൂപയും ധനവകുപ്പ് നല്‍കി. 6 മന്ത്രിമാര്‍ക്കും ഈ കാലയളവില്‍ പുതിയ വാഹനം വാങ്ങാന്‍ സര്‍ക്കാര്‍ തുക അനുവദിച്ചു.
കണക്കുകള്‍ ധന എക്സ്പെന്‍ഡിച്ചര്‍ വിംഗിലും ബജറ്റിലും ലഭ്യമാണെന്നിരിക്കെ വിവരം ശേഖരിക്കുന്നുവെന്ന് പറഞ്ഞുള്ള ഒഴിഞ്ഞു മാറ്റം എന്തിനെന്ന ചോദ്യമാണ് അവശേഷിക്കുന്നത്.
