പി ബിജുവിന്റെ പേരിലെ ഫണ്ടില്‍ ക്രമക്കേട്; ഡിവൈഎഫ്ഐയില്‍ വിവാദം, സിപിഐഎം, ഡിവൈഎഫ്ഐ നേതൃത്വങ്ങള്‍ക്ക് പരാതി കൈമാറി

തിരുവനന്തപുരം ഡിവൈഎഫ്ഐയില്‍ ഫണ്ട് തട്ടിപ്പ് വിവാദം. അന്തരിച്ച പി ബിജുവിന്റെ പേരിലുള്ള ഫണ്ടില്‍ ഡിവൈഎഫ്ഐ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. പാളയം ബ്ലോക്ക് കമ്മിറ്റിയിലാണ് തട്ടിപ്പ് നടന്നത്. ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് എസ് ഷാഹിനെതിരെയാണ് പരാതി. മേഖലാ കമ്മിറ്റികള്‍ സിപിഐഎം, ഡിവൈഎഫ്ഐ നേതൃത്വങ്ങള്‍ക്ക് പരാതി കൈമാറിയിട്ടുണ്ട്.

പി ബിജുവിന്റെ സ്മരണാര്‍ത്ഥം സിപിഐഎം ജില്ലാ കമ്മിറ്റി ആരംഭിക്കുന്ന റെഡ് കെയര്‍ സെന്ററിനായി ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റികളോട് ഫണ്ട് പിരിച്ചുനല്‍കാന്‍ നേതൃത്വം നിര്‍ദേശിച്ചിരുന്നു. റെഡ് കെയര്‍ സെന്ററിന് പുറമേ ആംബുലന്‍സ് കൂടി വാങ്ങാന്‍ ലക്ഷ്യമിട്ടായിരുന്നു പാളയം ബ്ലോക്ക് കമ്മിറ്റി പിരിവ് ആരംഭിച്ചത്.

ഓരോ മേഖലാ കമ്മിറ്റികളോടും രണ്ടര ലക്ഷം രൂപ വീതം നല്‍കാനായിരുന്നു നിര്‍ദേശം. ഇതുപ്രകാരം ഒന്‍പത് ബ്ലോക്ക് കമ്മിറ്റികളും ചേര്‍ന്ന് പതിനൊന്നര ലക്ഷത്തോളം രൂപ പിരിച്ചെടുത്തു. ഇതില്‍ ആറ് ലക്ഷം രൂപ റെഡ് കെയര്‍ സെന്ററിനായി സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയ്ക്ക് കൈമാറി. ബാക്കി തുക ഷാഹിന്‍ വകമാറ്റിയെന്നാണ് ആരോപണം.

ഷാഹിനെതിരായ ആരോപണങ്ങള്‍ മെയ് ഏഴിന് നടന്ന സിപിഐഎം പാളയം ഏരിയ കമ്മിറ്റി യോഗത്തില്‍ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ ഒരുലക്ഷത്തോളം രൂപ ബ്ലോക്ക് കമ്മിറ്റി അക്കൗണ്ടിലേക്ക് ഷാഹിന്‍ നിക്ഷേപിച്ചിരുന്നു. എന്നാല്‍ മൂന്ന് ലക്ഷത്തിലധികം രൂപ ഇനിയും ഇയാളില്‍ നിന്ന് കിട്ടാനുണ്ടെന്നാണ് ആരോപണം. അഴിമതി നടത്തിയയാളെ ഒരുവിഭാഗം നേതാക്കള്‍ സംരക്ഷിക്കുകയാണെന്നും ആരോപണം ഉയരുന്നുണ്ട്.

 

Exit mobile version