ബിരിയാണി വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് സ്‌കൂള്‍ കുട്ടികളെ സമരത്തിനു കൊണ്ടുപോയി; എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പരാതി

പാലക്കാട്: ബിരിയാണി വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ സമരത്തിന് കൊണ്ടുപോയെന്ന് പരാതി. രക്ഷിതാക്കളെ അറിയിക്കാതെയാണ് കൊണ്ടു പോയതെന്നും, സ്‌കൂളിലെ ഇടത് അനുഭാവികളായ ചില അധ്യാപകര്‍ ഇതിന് കൂട്ടുനിന്നെന്നും ആരോപണമുണ്ട്. പാലക്കാട് പത്തിരിപ്പാല ജിവിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥികളെയാണ് സമരത്തിന് കൊണ്ടുപോയത്. തുടര്‍ന്ന് എസ്എഫ്ഐ പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി.

കുട്ടികള്‍ വീട്ടില്‍ നിന്ന് പുറപ്പെട്ടെങ്കിലും സ്‌കൂളില്‍ എത്തിയില്ല. തുടര്‍ന്ന് രക്ഷിതാക്കള്‍ നടത്തിയ അന്വേഷണത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കുട്ടികളെ സമരത്തിനായി കൊണ്ടുപോയെന്ന് മനസ്സിലായി. തുടര്‍ന്ന് രക്ഷിതാക്കള്‍ സ്‌കൂളില്‍ പ്രതിഷേധം നടത്തി. സമര പരിപാടി കഴിഞ്ഞ് മടങ്ങിവരവെ എസ്എഫ്‌ഐ പ്രവര്‍ത്തകരും രക്ഷിതാക്കളും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. അടുത്തുള്ള കോളജിലെ ചേട്ടന്മാര്‍ തങ്ങളെ വിളിച്ചുകൊണ്ടു പോവുകയായിരുന്നു എന്ന് കുട്ടികള്‍ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസും രക്ഷിതാക്കളും പരാതി നല്‍കിയിരിക്കുകയാണ്. ഇടത് അനുഭാവമുള്ള ചില അധ്യാപകരുടെ പിന്തുണയോടെയാണ് കുട്ടികളെ എസ്എഫ്‌ഐ കൊണ്ടുപോയതെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു. സ്‌കൂളില്‍ ഇന്ന് അടിയന്തിര പിടിഎ യോഗം നടക്കും.

 

Exit mobile version