പാലക്കാട്ട് നടന്ന യൂത്ത് കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തിലെ പീഡന ആരോപണം കെട്ടിച്ചമച്ചതാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. പരാതിയില്‍ കഴമ്പില്ലെന്ന് ബോധ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ വിശദീകരണം പരിശോധിച്ചിട്ടുണ്ടെന്നും കെ. സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘ധീരജിന്റെ കൊലപാതകക്കേസിലെ പ്രതി നിഖില്‍ പൈലി ആരെയും കൊല്ലാന്‍ പോയിട്ടില്ല. ഗുണ്ടകളെ ക്യാംപസില്‍ കൊണ്ട് പോയി പാര്‍പ്പിച്ചത് സി.പി.എമ്മാണ്. സി.പി.എം ഗുണ്ടകള്‍ ആക്രമിച്ചപ്പോള്‍ ഓടി രക്ഷപ്പെട്ടവരാണ്. ഓടി തളര്‍ന്നു വീണിടത്ത് എന്ത് സംഭവിച്ചു എന്ന് ആര്‍ക്കും അറിയില്ല. അതുകൊണ്ടാണ് മരണം ഇരന്നു വാങ്ങി എന്ന് പറഞ്ഞത്’. എസ്എഫ്ഐ പോലും ആരെങ്കിലും കുത്തിയതായി സാക്ഷി പറഞ്ഞില്ലെന്നും സുധാകരന്‍ പറഞ്ഞു.
‘മുഖ്യമന്ത്രിയുടെ നിലവാരം ഇതാണെങ്കില്‍ എം.എം മണിയുടെ നിലവാരം പറയേണ്ടതില്ലല്ലോ? മണി എല്ലാ കാലത്തും വായില്‍ തോന്നുന്നത് വിളിച്ചു പറയുന്ന നേതാവാണ്. ആനി രാജയ്ക്ക് എതിരായ എം.എം മണിയുടെ പരാമര്‍ശം മോശമായി പോയി. കേരളത്തിലെ ജനങ്ങളുടെ വികാരത്തിന്റെ പ്രതിഫലനമാണ് ആനിരാജയുടെ പ്രതികരണത്തില്‍ നിന്ന് വ്യക്തമായത്.
സി.പി.എം നിര്‍ദേശം തലയാട്ടി അനുസരിക്കുന്ന സംഘമായി കേരള പൊലീസ് മാറിയെന്നും സുധാകരന്‍ പറഞ്ഞു. എന്നാല്‍ തൊണ്ടിമുതല്‍ മാറ്റിയെന്ന ആരോപണത്തില്‍ മന്ത്രി ആന്റണി രാജു വിഷയത്തില്‍ കെ സുധാകരന്‍ പ്രതികരിച്ചില്ല.
