കെഎസ്ഇബി ചെയര്‍മാന്‍ ബി അശോകിനെ മാറ്റി; പുതിയ ചുമതല രാജന്‍ ഖൊബ്രഗഡെയ്ക്ക്

ഇടത് യൂണിയനുകളുമായുള്ള തര്‍ക്കം തുടരുന്നതിനിടെ കെഎസ്ഇബി ചെയര്‍മാന്‍ ബി അശോകിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി. രാജന്‍ ഖോബ്രഗഡെയാണ് പുതിയ ചെയര്‍മാന്‍. ഇതിന് പിന്നാലെ ചെയര്‍മാന്റെ തസ്തിക പ്രിന്‍സിപ്പല്‍ സെക്രട്ടറി തസ്തികക്ക് തുല്യമാക്കി. ചെയര്‍മാന്റെ ശമ്പളവും വര്‍ധിപ്പിച്ചു. 1,82,200 -2,24,100 ആണ് ശമ്പള സ്‌കെയില്‍. കെഎസ്ഇബി ചെയര്‍മാനായിരുന്ന ബി.അശോകിനെ കൃഷിവകുപ്പ് സെക്രട്ടറിയാക്കി നിയമിച്ചു.

ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ബി അശോകിനെ കെഎസ്ഇബി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ തീരുമാനിച്ചത്. ഇടത് യൂണിയനുകളുടെ സമ്മര്‍ദ്ദ ഫലമായാണ് അദ്ദേഹത്തെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കെഎസ്ഇബിയിലെ സിപിഎം അനുകൂല സംഘടനായ ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതൃത്വവുമായുള്ള സംഘര്‍ഷമാണ് ബി അശോകിനെ മാറ്റുന്നതില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. അസോസിയേഷന്‍ പ്രസിഡന്റ് എംജി സുരേഷ് കുമാറിനെ അച്ചടക്ക നടപടിയുടെ ഭാഗമായി പെരിന്തല്‍ മണ്ണയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഒത്തു തീര്‍പ്പിന്റെ ഭാഗമായി തിരുവനന്തപുരത്തേയ്ക്ക് സ്ഥലം മാറ്റാമെന്ന് അശോക് ഉറപ്പു നല്‍കിയതായി യൂണിയന്‍ നേതൃത്വം ആരോപിക്കുന്നു.

കെഎസ്ഇബി യൂണിയനുകള്‍ക്കെതിരെ ബി അശോക് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് ബോര്‍ഡില്‍ നിരവധി ക്രമക്കേടുകള്‍ നടന്നിരുന്നുവെന്നും ബി അശോക് ആരോപിച്ചിരുന്നു. തുടര്‍ന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ ഡോ ബി അശോക് അധികാര ദുര്‍വിനിയോഗം നടത്തി ബോര്‍ഡിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന് യൂണിയനുകള്‍ ആരോപിച്ചു. ഓഫിസേഴ്‌സ് അസോസിയേഷനും, സിഐടിയും ഉള്‍പ്പെടെയുള്ള ഇടത് സംഘടനകള്‍ ബി അശോകിനെ കെഎസ്ഇബി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ടിരുന്നു.

ഇതുമായി ബന്ധപ്പെട്ട് സത്യാഗ്രഹ സമരത്തിന് നേതൃത്വം കൊടുത്തിന്റെ പേരില്‍ കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറിയേയും പ്രസിഡന്റിനേയും സസ്പെന്‍ഡ് ചെയ്തതോടെയാണ് പ്രശ്നം വഷളായത്.

ഓഫിസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹിയായ എക്‌സിക്യുട്ടീവ് എന്‍ജിനീയറായ ജാസ്മിന്‍ ഭാനുവിനെയാണ് സസ്പെന്‍ഡ് ചെയ്തത്. നിയമപ്രകാരം 22 മുതല്‍ 27 വരെ ജാസ്മിന്‍ ഭാനു അവധിയായിരുന്നു. ഇതനുസരിച്ച് മറ്റൊരു ഓഫിസര്‍ക്ക് ജോലി കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ അണ്‍ ഓതറൈസ്ഡ് ലീവ് എന്നുപറഞ്ഞാണ് മാനേജ്‌മെന്റ് ജാസ്മിനെ സസ്‌പെന്‍ഡ് ചെയ്തത്.

Exit mobile version