ശിവസേനക്കും ഉദ്ദവ് താക്കറെയ്ക്കും ഇന്ന് നിര്‍ണായക ദിനം. സ്പീക്കര്‍ തെരഞ്ഞെടുപ്പും ഷിന്‍ഡെ സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പും ചോദ്യം ചെയ്ത് ശിവസേനയിലെ ഉദ്ദവ് താക്കറെ വിഭാഗം നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉണ്ട്. ശിവസേനയിലെ താക്കറെ ഷിന്‍ഡെ പക്ഷങ്ങളുടെതായി 4 ഹര്‍ജികളാണ് സുപ്രിം കോടതിയുടെ പരിഗണക്ക് എത്തുന്നത്. ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കണമെന്ന് താക്കറെ പക്ഷം സുപ്രിം കോടതിയില്‍ ആവശ്യപ്പെടും. ശിവസേനക്കും, താക്കറെ കുടുംബത്തിനും ഏറെ നിര്‍ണ്ണായകമായ നാലു ഹര്‍ജികളാണ് സുപ്രിം കോടതിയുടെ പരിഗണനയില്‍ ഉള്ളത്.
താക്കറെ പക്ഷത്തിന്റെ മൂന്ന് ഹര്‍ജികളും വിമതരുടെ ഒരു ഹര്‍ജിമാണ് കോടതിക്ക് മുന്നിലുള്ളത്. അയോഗ്യത നോട്ടീസ് നിലനില്‍ക്കുന്ന വിമത എംഎല്‍എമാരുടെ പിന്തുണയുള്ള ഏക്‌നാഥ് ഷിന്‍ഡെയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യാരിയുടെ തീരുമാനം ചോദ്യം ചെയ്തു. സുഭാഷ് ദേശായി സമര്‍പ്പിച്ചതാണ് ഒരു ഹര്‍ജി.
ഷിന്‍ഡെ വിഭാഗത്തിന്റെ വിപ്പ് ഭരത് ഗോഗവാലെയെ, ശിവസേനയുടെ വീപ് ആയി അംഗീകരിച്ച സ്പീക്കര്‍ രാഹുല്‍ നര്‍വേകറിന്റെ തീരുമാനം ചെയ്തു താക്കറെ പക്ഷം സമര്‍പ്പിച്ചതാണ് സുപ്രിം കോടതിക്ക് മുന്നിലുള്ള മറ്റൊരു ഹര്‍ജി. അയോഗ്യത നടപടികളില്‍ അന്തിമ വിധി വരുന്നതുവരെ16 വിമത എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് താക്കറെ പക്ഷത്തിന്റെ വിപ്പ് സുനില്‍ പ്രഭു നല്‍കിയ ഹര്‍ജിയും കോടതിക്ക് മുന്നിലുണ്ട്.
മുന്‍ ഡെപ്യുട്ടി സ്പീക്കര്‍ നര്‍ഹരി സിര്‍വാളിന്റ അയോഗ്യത നോട്ടീസ് ചോദ്യം ചെയ്തു 16 വിമത എംഎല്‍എമാര്‍ സമര്‍പ്പിച്ച ഹര്‍ജിയും സുപ്രിം കോടതിയുടെ പരിഗണയിലാണ്. ഈ നാല് ഹര്‍ജികളും ഇന്ന് പരിഗണിക്കുമെന്ന് അറിയിച്ചാണ് കോടതി മാറ്റിവച്ചത്.
ഹര്‍ജികള്‍ ഇന്ന് ലിസ്റ്റ് ചെയ്തില്ലെങ്കില്‍, അടിയന്തരമായി ഹര്‍ജികള്‍ പരിഗണിക്കണമെന്ന് താക്കറെ പക്ഷത്തിന് വേണ്ടി കപില്‍ സിബല്‍ സുപ്രിം കോടതിയില്‍ ആവശ്യപ്പെടും. കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടായില്ലെങ്കില്‍ ഉദ്ധവ് തക്കറെ പക്ഷത്തിന് കനത്ത തിരിച്ചടിയാകും.
സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെ പാര്‍ട്ടിയില്‍ പിടിമുറുക്കുകയാണ് ഏക് നാഥ് ഷിന്‍ഡെ. സഭയില്‍ ഭൂരിപക്ഷം തെളിയിച്ച സാഹചര്യത്തില്‍ സുപ്രിം കോടതിയില്‍ നിന്നും മറിച്ചൊരു വിധിയുണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് ഷിന്‍ഡെ വിഭാഗം.
ഉദ്ദവ് പക്ഷത്തിന്റെ ഹര്‍ജികളില്‍ സുപ്രിം കോടതി നിലപാട് അറിഞ്ഞ ശേഷം യഥാര്‍ത്ഥ ശിവസേന തങ്ങളുടേതെന്ന് അവകാശപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാനാണ് ഷിന്‍ഡെ പക്ഷത്തിന്റെ നീക്കം.
